ചെന്നൈ: പി.എസ്.എല്‍.വി-സി 21 പേടകത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 21 പേടകം ഞായറാഴ്ചയാണ് ഭ്രമണപഥത്തിലേക്ക് കുതിക്കുന്നത്.

Ads By Google

ഇതിന് സാക്ഷിയാവാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും എത്തും.

ഫ്രാന്‍സ് നിര്‍മിച്ച 712 കിലോഗ്രാം ഭാരമുള്ള സ്‌പോട്-6 ഉപഗ്രഹവും ജപ്പാന്റെ 15 കിലോഗ്രാം ഭാരമുള്ള ദൂരദര്‍ശിനിയുമാണ് വിക്ഷേപിക്കുക. 62 ഉപഗ്രഹങ്ങളും 37 പേടകങ്ങളുമാണ് ഇതുവരെ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചത്. 1975ല്‍ ആര്യഭട്ടയായിരുന്നു ആദ്യ ഉപഗ്രഹം.

നാല് വര്‍ഷം മുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014ലായിരിക്കും. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നുണ്ട്.