കല്‍പ്പറ്റ: വ്യാജരേഖയുണ്ടാക്കി പി എസ് സി ജോലിതട്ടിപ്പ് നടത്തിയ കേസിലെ ഇടനിലക്കാരന്‍ ജെ പി എന്ന ജനാര്‍ദ്ദനന്‍ പിള്ളയെ തെളിവെടുപ്പിനായി വയനാട്ടിലെത്തിച്ചു. എന്നാല്‍ തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ അഭിലാഷിനെ അറിയില്ലെന്ന് ജെ പി പോലീസിനോട് വ്യക്തമാക്കി.

നിയമനതട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയാണ്. അഭിലാഷ് അടക്കമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നു. നിയമനത്തിന് വേണ്ട രേഖകള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഉണ്ടാക്കിയത് അഭിലാഷായിരുന്നു. അഭിലാഷ് പിള്ളയെ തനിക്ക് അറിയില്ലെന്നും വാര്‍ത്തകളില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളതെന്നും ജെ പി പോലീസിന് മൊഴിനല്‍കി.

വ്യാജ നിയമനങ്ങള്‍ക്ക്് അഭിലാഷ് എട്ടുലക്ഷം രൂപവരെ വാങ്ങിയിരുന്നു. ഇതില്‍ തനിക്ക് വളരെ തുച്ഛമായ തുകമാത്രമായിരുന്നു നല്‍കിയത്. അഭിലാഷിന്റെ അമ്മാവന്‍ മധുപാലാണ് തുകയുടെ മിക്കപങ്കും കൈപ്പറ്റിയതെന്നും ജെ പി പറഞ്ഞു.

കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു ജെ പി തിരുവനന്തപുരത്ത് പോലീസിനു മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇയാളെ വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതിനിടെ നിയമനതട്ടിപ്പിലെ മുഖ്യപ്രതി അഭിലാഷിന്റെ പേഴ്‌സനല്‍ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവും കണ്ടെത്തി. പ്രധാനപ്പെട്ട ഫലയലുകളും രേഖകളുമെല്ലാം നീക്കംചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. ഇവ പോലീസ് ഏറ്റെടുക്കും.