വയനാട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കി അഴിമതി നിയമനങ്ങള്‍ക്ക് തുടക്കം കുറിച്ചെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി തുടങ്ങാന്‍ പോകുന്ന ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടായിരം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നീക്കം നടക്കുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി നിയമങ്ങളെ സര്‍ക്കാര്‍ പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്. നിയമനം നടത്തിയവര്‍ക്ക് എവിടെയൊക്കെയോ ശക്തമായ സ്വാധീനമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, നിയമനതട്ടിപ്പ് കേസിലെ പ്രതി അഭിലാഷ് പിള്ളയെയും സൂരജ് കൃഷ്ണയെയും ഈ മാസം 19വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് ഇരുവരെയും സി.ജെ.എം കോടതിയില്‍ ഹാജരാക്കിരുന്നു. തുടര്‍ന്ന് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരെ കോടതിയില്‍ എത്തിക്കുന്നതിനിടെ കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി