കല്‍പറ്റ: വ്യാജ രേഖ ചമച്ച സര്‍ക്കാര്‍ ജോലിയില്‍ കയറിയ സംഭവത്തില്‍ കൊല്ലം അഞ്ചല്‍ പനച്ചിവിള കൃഷ്ണനിവാസില്‍ എ. ജ്യോതിയെ പോലീസ് ചോദ്യം ചെയ്തുതുടങ്ങി. പിതാവ് റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് കൃഷ്ണന്‍കുട്ടി ചെട്ടിയാരും പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍, ഇദ്ദേഹത്തെ പോലീസ് പ്രതിചേര്‍ത്തിട്ടില്ല.

പോലീസ് നിരീക്ഷണത്തിലായിരുന്ന ജ്യോതിയെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അഞ്ചല്‍ എസ്‌ഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിതാ ഹെല്‍പ് ലൈനില്‍ എത്തിച്ചശേഷം പിന്നീട് കൊല്ലത്ത് കൊണ്ടുവന്നത്.

രാവിലെ പത്തോടെ കൊല്ലത്ത് എത്തിയ വയനാട് കല്‍പ്പറ്റ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. എ.എസ്.ഐ ചാക്കോ, ഹെഡ്‌കോണ്‍സ്റ്റബിള്‍ അനില്‍, കോണ്‍സ്റ്റബിള്‍ സൗജന്‍, വനിതാ എസ്‌ഐ അന്ന, ഹെഡ്‌കോണ്‍സ്റ്റബിള്‍ സുഗുണ എന്നിവരടങ്ങിയ സംഘമാണ് കൊല്ലത്ത് എത്തിയത്.

പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം കൂടുതല്‍ തെളിവെടുപ്പിനായി ജ്യോതിയെ ഉച്ചയോടെ കൊല്ലത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ വയനാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ജ്യോതിക്കൊപ്പം ഉണ്ടായിരുന്ന നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ ബന്ധുക്കള്‍ക്കു കൈമാറി. വ്യാജനിയമന ഉത്തരവ് വഴി വയനാട്ടില്‍ ജോലി തരപ്പെടുത്തിയ ജ്യോതിയുടെ സഹോദരന്മാരായ കണ്ണന്‍, ശബരീനാഥ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കു ജോലി തരപ്പെടുത്തുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് അഞ്ചല്‍ പനയഞ്ചേരി സ്വദേശി അജിത്ത്, ഇയാളുടെ സഹായി പനച്ചവിള സ്വദേശി ചന്ദ്രചൂഡന്‍ എന്നിവരാണ്. ഇവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.

അതേസമയം വയനാട് ജോലി തട്ടിപ്പ് കേസില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.