പൊളിറ്റിക്കല്‍ ഡസ്‌ക്

പി.ശശിയെ പുറത്താക്കാനുള്ള സി.പി.ഐ.എം സംസ്ഥാന സമിതിയുടെ തീരുമാനം പാര്‍ട്ടിയിലെ ശാക്തിക ബലാബലത്തിലുണ്ടായ വ്യക്തമായ വ്യതിയാനത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സസ്‌പെന്റ് ചെയ്യാനുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം മറികടന്നാണ് പുറത്താക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്. ഈ തീരുമാനം കഴിഞ്ഞ കുറെ നാളുകളായി സി.പി.ഐ.എം സ്വീകരിച്ചുവരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തവുമാണ്.

സംസ്ഥാന സെക്രട്ടേറിയേറ്റ് എടുക്കുന്ന തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ കുറെ കാലങ്ങളായി പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നത്. പാര്‍ട്ടി വിഭാഗീയതയുമായും അച്ചടക്ക നടപടിയുമായും ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റ് എടുക്കുന്ന വിവാദപരമായ പല തീരുമാനങ്ങളും ഇത്തരത്തില്‍ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായ കാര്യമാണ് ശശി വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. ഏതായാലും സംസ്ഥാന സമിതി തീരുമാനമാണ് പാര്‍ട്ടി തീരുമാനമായി പുറത്ത് വരിക.

അടുത്ത കാലത്തായി സി.പി.ഐ.എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിനൊപ്പമുണ്ടായിരുന്ന പ നേതാക്കളും വിവാദ വിഷയത്തില്‍ സ്വതന്ത്രവും വ്യത്യസതവുമായ നിലപാടെടുക്കുന്നതാണ് കണ്ടത്. പി.കെ ശ്രീമതിയായിരുന്നു അതില്‍ പ്രധാനി. ശശി വിഷയത്തില്‍ വളരെ രൂക്ഷമായ പ്രതികരണമാണ് പി.കെ ശ്രീമതി നടത്തിയത്. പരിയാരം വിഷയത്തിലും ശ്രീമതിയുടെ നിലപാട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള പരിയാരം മാനേജ്‌മെന്റിനെതിരെയായിരുന്നു.

കഴിഞ്ഞ തദ്ദേശ, ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പല നേതാക്കളെയും മാറിച്ചിന്തിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങളെ പാര്‍ട്ടിയുടെ തന്നെ അണികളുടെയും പൊതുജനങ്ങളുടെയും വികാരങ്ങളെ മറികടന്നുകൊണ്ടുള്ളതായിരുന്നു. ഈ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ അണികളും പൊതുജന പിന്തുണയുമില്ലാത്ത സംഘടനാ സംവിധാനം മാത്രമായി പാര്‍ട്ടി മാറുമെന്ന തിരിച്ചറിവാണ് ഈ തിരിഞ്ഞുനടത്തത്തിന് പലരെയും പ്രേരിപ്പിച്ചത്.

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വി.എസ് അച്യുതാനന്ദനൊപ്പം പി.കെ ശ്രീമതിയും തോമസ് ഐസക്കും ശശിയെ പുറത്താക്കണമെന്ന ഉറച്ച നിലപാടാണ് എടുത്തത്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് ശശിയെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന് സെക്രട്ടേറിയേറ്റില്‍ ഇപ്പോഴുമുള്ള ഈ ഭൂരിപക്ഷം സംസ്ഥാന സമിതിയില്‍ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് ഇപ്പോഴുണ്ടായ തീരുമാനം.