ps-sreedharanpilla കോഴിക്കോട്: മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പി അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചു. പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കത്തും നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും കത്തും ദൂതന്‍ വശം കൊടുത്തയക്കുകയാണ് ചെയ്തത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി പ്രദീപ്കുമാറിന് മുമ്പാകെയാണ് ഇവ നല്‍കിയത്.

2003ല്‍ അനുവദിച്ച പാസ്‌പോര്‍ട്ടിന്റെ കോപ്പിയാണ് നല്‍കിയത്. മാറാട് കൂട്ടക്കൊലക്കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിള്ള നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

മാറാട് കലാപം ഒത്തുതീര്‍ക്കാന്‍ ശ്രീധരന്‍ പിള്ളയും സ്വാദിഖലി ശിഹാബ് തങ്ങളും ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് വീണ്ടും വിവാദമായത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് ശ്രീധരന്‍ പിള്ളക്കെതിരെ ആര്‍.എസ്.എസ് രംഗത്തെത്തുകയായിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ അന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ള ലീഗിനെ സഹായിച്ചുവെന്നാണ് ആരോപണം. തുടര്‍ന്നാണ് ഇതെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.