Administrator
Administrator
കെട്ടിപ്പൂട്ടിവെക്കാനാകുമോ നിയമസഭാരേഖ?
Administrator
Monday 1st March 2010 1:32pm

പി എസ് റംഷാദ്

കേരള നിയമസഭയും സംസ്ഥാന വിവരാവകാശ കമ്മീഷനും തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന തരം വാര്‍ത്തകള്‍ വന്നുതുടങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 10നു ശേഷമാണ്. ഡിസംബര്‍ 10ന്, ലോക മനുഷ്യാവകാശ ദിനത്തില്‍ കമ്മീഷന്‍ പുറപ്പെടുവിച്ച വിധിയാണ് അതിനു തുടക്കമിട്ടത്. മുന്‍ മന്ത്രി ടി എം ജേക്കബിന്റെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട വീഡിയോ ടേപ്പ് വിവരാവകാശ നിയമപ്രകാരം എറണാകുളത്തെ അഭിഭാഷകന്‍ ഡി ബി ബിനുവിനു നല്‍കിയേ തീരൂ എന്നായിരുന്നു വിധിയുടെ കാതല്‍ .
കൊടുക്കാന്‍ പറ്റില്ലെന്നു നിയമസഭയും അത് അംഗീകരിക്കാനാകില്ലെന്നു വിവരാവകാശ കമ്മീഷനും നിലപാടുകള്‍ കര്‍ക്കശമാക്കി. പ്രശ്‌നം കത്തിപ്പിടിച്ച് വ്യക്തമായ ഏറ്റുമുട്ടലില്‍ തന്നെ എത്തിയിരിക്കുന്നു ഇപ്പോള്‍ . മുഖ്യവിവരാവകാശ കമ്മീഷണറെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കണമെന്ന നിയസഭാ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍ . നിയസഭാ സമ്മേളനം ചേരുന്ന കാലമാണ്. സ്വാഭാവികമായും പ്രശ്‌നം , പ്രിവിലേജ് കമ്മിറ്റിയുടെ ശുപാര്‍ശയുള്‍പ്പെടെ സഭയുടെ പരിഗണനക്കു വരും. നിയമസഭ എന്നാല്‍ നിയമനിര്‍മാണ സഭയാണ്. ഭരണപ്രതിപക്ഷ മുന്നണികളും പാര്‍ട്ടികളും അവിടെ രാഷ്ട്രീയം പറഞ്ഞു പൊരുതുമെങ്കിലും സഭയുടെ അവകാശത്തിന്റെ കാര്യം വരുമ്പോള്‍ അവര്‍ ഒറ്റക്കെട്ടാവുകയാണു പതിവ്. ഇക്കാര്യത്തിലും അങ്ങനെതന്നെ സംഭവിക്കുകയും വിവരാവകാശ കമ്മീഷണറെ വിളിച്ചുവരുത്തി ശാസിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അതു വന്‍ വിവാദത്തിനും രാജ്യവ്യാപക ചര്‍ച്ചക്കും വഴിതുറക്കുമെന്നുറപ്പ്. എന്നാല്‍ പ്രിവലേജ് കമ്മിറ്റിയുടെ ശുപാര്‍ശ സഭ അതേപടി സ്വീകരിക്കണമെന്നു നിര്‍ബന്ധവുമില്ല. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നതില്‍ സഭക്കു വ്യക്തമായ തീരുമാനമെടുക്കേണ്ടി വരും. വീഡിയോ ടേപ്പ് പുറത്തു കൊടുക്കേണ്ടതില്ല എന്നു നേരത്തേ തീരുമാനിച്ച സ്ഥിതിക്ക് പരിഹാര നിര്‍ദേശം എളുപ്പമല്ല താനും. അല്ലെങ്കില്‍ കമ്മീഷന്‍ സ്വയം പിന്‍മാറുകയും വിവാദം അവസാനിപ്പിക്കുകയും വേണം. അതിനും കാണുന്നില്ല സാധ്യത.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു ടി എം ജേക്കബ് നടത്തിയ പ്രസംഗമാണ് വിവാദ ടേപ്പിലെ ഉള്ളടക്കം. ഉമ്മന്‍ചാണ്ടിക്കു മുമ്പു മുഖ്യമന്ത്രിയായിരുന്ന എ കെ. ആന്റണിയുടെ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയായിരുന്നു ജേക്കബ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ജേക്കബിനെയും ആര്‍ ബാലകൃഷ്ണ പിള്ളയയും ഉള്‍പ്പെടുത്തിയില്ല. കലിയടങ്ങാതെ ജേക്കബ് ഉമ്മന്‍ ചാണ്ടിക്കെതിരേ ഉറഞ്ഞുതുള്ളുന്നതിനും , എന്നാലെന്റെ തല പൊട്ടിത്തെറിക്കുന്നതൊന്നു കാണട്ടെടാ എന്ന മട്ടില്‍ മിഥുനം സിനിമയിലെ ഇന്നസെന്റിനെപ്പോലെ ഉമ്മന്‍ചാണ്ടി എല്ലാം കേട്ടിരിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. അതങ്ങനെയങ്ങു കഴിഞ്ഞ് ജേക്കബ് ഡി ഐ സി ആയി, എന്‍ സി പിയായി, ജേക്കബ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു തിരിച്ചുവന്ന് ഇന്ദിരാഭവന്റെയും കന്റോണ്‍മെന്റ് ഹൗസിന്റെയും വാതില്‍ മുട്ടി അഭയം ചോദിച്ചു, വീണ്ടും യു ഡി എഫായി. അതിനിടയില്‍ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവുതട്ടകമായ പിറവത്തു പരാജയപ്പെട്ടിരുന്നു. തോല്‍പ്പിച്ചത് സി പി ഐ എമ്മിലെ എം ജെ ജേക്കബ്. ആ ജേക്കബിനെതിരേ ഈ ജേക്കബ് തെരഞ്ഞെടുപ്പു കേസ് കൊടുത്തു. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പരാംമര്‍ശങ്ങളടങ്ങിയ ലഘുലേഖ പ്രചരിപ്പിച്ചാണ് തോല്‍പ്പിച്ചത് എന്നായിരുന്നു കേസ്. അതുമായി ബന്ധപ്പെട്ട വാദത്തിനിടെ എം ജെ ജേക്കബിന്റെ അഭിഭാഷകന്‍ , ടി എം ജേക്കബിന്റെ പഴയ നിയസഭാ പ്രസംഗത്തിന്റെ കാര്യമെടുത്തിട്ടു. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് യു ഡി എഫുമായി സഖ്യത്തിലുള്ള ഡി ഐ സി സ്ഥാനാര്‍ഥിയായാണെങ്കിലും മന്ത്രിസ്ഥാനം കിട്ടാതിരുന്നതിന്റെ പേരില്‍ യു ഡി എഫിനും അതിന്റെ മുഖ്യമന്ത്രിക്കുമെതിരേ നിര്‍ണായക സമയത്ത് നിലപാടെടുത്തയാളാണ് ജേക്കബ് എന്നോ മറ്റോ വാദിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ഹൈക്കോടതി നിയസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു. അതായയിരുന്നു ഇപ്പോഴത്തെ വിവാദത്തിന്റെ ആദ്യ എപ്പിസോഡ്. അന്ന് ഹൈക്കോടതിക്കു ടേപ്പ് കൊടുത്തില്ല സഭ. പകരം വിശദമായ റിട്ടണ്‍ കോപ്പി കൊടുത്തു. നിയസഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് സഭയുടെ മാത്രം സ്വകാര്യ രേഖയാണെന്ന വാദത്തില്‍ ഹൈക്കോടതി മറുവാദത്തിനൊന്നും പോയില്ല. അന്നും സഭയുടെ പ്രിവിലേജ് കമ്മിറ്റി ( എത്തിക്‌സ് ആന്റ് പ്രിവിലേജസ് കമ്മിറ്റി)യുടെ ശുപാര്‍ശ പ്രകാരം സഭയുടെ പൊതുതീരുമാന പ്രകാരമാണു ടേപ്പ് കൊടുക്കാതിരുന്നത്.

വിഡിയോ ടേപ്പ് ലഭിച്ചേ തീരൂവെന്നും അത് സാധാരണ പൗരനും കാണാനും കേള്‍ക്കാനും അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി എറണാകുളത്തെ അഭിഭാശകന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തതോടെയാണു രണ്ടാം എപ്പിസോഡിന്റെ തുടക്കം. വിവരവകാശ നിയമ പ്രകാരമുള്ള രേഖകള്‍ കൈകാര്യ ചെയ്യുന്നതു 2005ലെ നിയമപ്രകാരം എല്ലാ സര്‍ക്കാര്‍ , അര്‍ധസര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലുമെന്ന പോലെ നിയസഭാ സെക്രട്ടേറിയറ്റിലും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുണ്ട് (എസ് പി ഐഒ). എസ് പി ഐ ഒക്കു ലഭിച്ച അപേക്ഷ അവര്‍ നിരസിച്ചു. ഹൈക്കോടതി ചോദിച്ചിട്ടു കൊടുക്കാത്ത രേഖയാണെന്ന കാരണത്തിനു ന്യായമുണ്ടായിരുന്നു താനും. സഭയിലെ അപ്പലേറ്റ് അതോറിറ്റിയും അതേ നിലപാട് എടുത്തതോടെയാണു അപേക്ഷ വിവരാവകാശ കമ്മീശനു മുന്നിലെത്തിയത്. വിശദ പരിശോധന നടത്തിയാണു കമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്. സഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതുതന്നെയാണെന്നായിരുന്നു വിധിയുടെ കാതല്‍. 15 ദിവസത്തിനകം ടേപ്പ് കൊടുക്കാനും നിര്‍ദേശിച്ചു. വിധിക്കു മുമ്പ് നിയസഭാ എസ്പിഐഒയുടെ വിശദ സത്യവാങ്മൂലം കമ്മീഷന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അതിലെ വാദങ്ങളൊന്നും സ്വീകരിച്ചില്ലെന്നു മാത്രം.

കമ്മീഷന്‍ പറഞ്ഞ കാലയളവിനുള്ളില്‍ ടേപ്പ് കൊടുത്തില്ലെന്നു മാത്രമല്ല, എന്തുകൊണ്ടത് സാധിക്കില്ല എന്നു വ്യക്തമാക്കി മറുപടി നല്‍കി. പകര്‍പ്പ് അപേക്ഷകനായ അഭിഭാഷകനും നല്‍കി. എസ് പി ഐ ഒയെ വിളിച്ചുവരുത്തി മുന്‍ തീരുമാനം നേരിട്ട് അറിയിച്ചാണ് കമ്മീഷന്‍ പ്രതികരിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പ്രശ്‌നം പ്രിവിലേജ് കമ്മിറ്റിക്കു വിട്ടതും കമ്മിറ്റിയുടെ ശുപാര്‍ശയും. സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളില്‍ , നിര്‍ണായക നിയമ നിര്‍മാണങ്ങളില്‍ രാജ്യത്തിനു മാതൃകയായ ചരിത്രമുള്ള നമ്മുടെ കൊച്ചു സംസ്ഥാനം ഇക്കാര്യത്തിലും മാതൃക സൃഷ്ടിക്കുമോ?

മാറുന്ന കാലത്തിന്റെ യാഥര്‍ഥ്യങ്ങളോടു മുഖം തിരിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞാണു 2005ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിവരാവകാശ നിയമം പാസാക്കിയത്. ശരിക്കുള്ള സാമൂഹിക വിപ്ലവത്തിന്റെ ആയുധമായി അത് നിരവധി പേര്‍ , പ്രത്യേകിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ ടേപ്പ് വിവാദത്തിലെ അന്തിമ തീര്‍പ്പ് അത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുമോ?

ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന മഹത്തായ വേദിയാണു നിയമസഭ. അവിടെ നടന്ന, മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞ് കെട്ടിപ്പൂട്ടിവെക്കാന്‍ എത്രകാലം കഴിയും? ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു കാത്തിരിപ്പാണു കേരളം.

Advertisement