Administrator
Administrator
ഫലസ്തീന്‍; മരണസംഖ്യ 115 കവിഞ്ഞു, കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികള്‍
Administrator
Tuesday 20th November 2012 11:45am

ഗാസ: ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 115 കവിഞ്ഞു.  മരണസംഖ്യ ഉയരുന്നതില്‍ ഐക്യരാഷ്ട്രസഭ ആശങ്കരേഖപ്പെടുത്തി.

Ads By Google

ആക്രമണം തുടരുന്നതിനിടെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗാസ തീരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ ആവശ്യങ്ങള്‍ക്കായല്ല മറിച്ച് അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കാനായാണ് നീക്കമെന്നാണ് വിശദീകരണം. യു.എസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ചു കൊണ്ടാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്.

ബുധനാഴ്ച തുടക്കമിട്ട ആക്രമണങ്ങളില്‍ 730ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യാന്തര യുദ്ധമര്യാദകള്‍ ലംഘിച്ച്, ഹമാസ് വേട്ടയുടെ പേരില്‍ ജനവാസകേന്ദ്രങ്ങളില്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ മരിച്ചവരില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടും.

പ്രദേശത്ത് അടിയന്തിരമായി വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ക്കായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈജിപ്തിലെത്തിയിട്ടുണ്ട്.

ഇരുപക്ഷവും അടിയന്തരമായി വെടിനിര്‍ത്തലിന് തയാറാകണമെന്ന് ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങളുമായി ഇരുപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുനയശ്രമങ്ങളുമായി അറബ്‌ലീഗ് പ്രതിനിധിസംഘവും ഇന്നു ഗാസയിലെത്തുന്നുണ്ട്. ഫ്രാന്‍സും ബ്രിട്ടനും നേരിട്ടും അനുനയശ്രമങ്ങള്‍ നടത്തുന്നു.

ഗാസയില്‍ ഭരണം നടത്തുന്ന പോരാട്ട സംഘടനയായ ഹമാസിന്റെ ഔദ്യോഗിക ചാനലായ അല്‍ അഖ്‌സ ടെലിവിഷനുള്‍പ്പടെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശുരൂഖ് സമുച്ചയത്തിന് നേരേ വീണ്ടും വ്യോമാക്രമണമുണ്ടായി.

ഇസ്രയേലിന്റെ നീതിയില്ലായ്മയ്ക്ക് ഇരയാവരില്‍ നല്ലൊരു ശതമാനവും ഒരു തെറ്റും ചെയ്യാത്ത കുട്ടികളാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ കൊല്ലപ്പെട്ട 120 പലസ്തീകാരില്‍ 40 ഓളം കുട്ടികളാണ്.

അല്‍ അഖ്‌സ ടെലിവിഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് മുന്നറിയിപ്പ് സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയതായി ഇസ്രായേല്‍ അറിയിച്ചു.

നുസൈരത്ത് അഭയാര്‍ഥിക്യാമ്പിനുനേരേയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. കിഴക്കന്‍ ഗാസയിലെ ശെയ്തുണ്‍ ജനവാസകേന്ദ്രത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസില്‍ മിസൈല്‍ പതിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഖരാര പ്രദേശത്തെ ആക്രമണത്തില്‍ രണ്ടുകര്‍ഷകര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്, തുര്‍ക്കിയുടെയും ഖത്തറിന്റെയും സഹായത്തോടെ ഈജിപ്ത് നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്. തിങ്കളാഴ്ച ഗസ്സയിലെ സെയ്തൂന്‍ മേഖലയിലെ ജനവാസകേന്ദ്രത്തില്‍ ഇസ്രായേല്‍ ഷെല്‍ വര്‍ഷം നടത്തി.

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഫലസ്തീനുമായി ചര്‍ച്ചനടത്തിയതായി ബാന്‍കിമൂണിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി ഇസ്രായേലി സൈനിക റേഡിയോ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

അതിനിടെ, പലസ്തീന്‍ സംഘടനകളായ ഫത്തായും ഹമാസും ശത്രുത അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. വെസ്റ്റ് ബാങ്കിലെ രാമള്ളയില്‍ തിങ്കളാഴ്ച നടന്ന ഐക്യദാര്‍ഢ്യപ്രകടനത്തില്‍ സംസാരിക്കവേ ഫത്താ നേതാവ് ജിബ്രില്‍ റജൂബാണ് ഹമാസുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.

Advertisement