എഡിറ്റര്‍
എഡിറ്റര്‍
ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം: കുറ്റിപ്പുറത്ത് ദേശീയപാത സര്‍വേ നിര്‍ത്തിവച്ചു
എഡിറ്റര്‍
Saturday 30th November 2013 2:15am

Survey

മലപ്പുറം:  കുറ്റിപ്പുറത്ത് സര്‍വേക്കെതിരെ ഭൂമി നഷ്ടപ്പെടുന്നവര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ദേശീയപാത സര്‍വേ നിര്‍ത്തി വച്ചു. തിരൂര്‍ താലൂക്കിലെ ദേശീയ പാത സര്‍വേയാണ് രാവിലെ തുടങ്ങിയത്.

സര്‍വേയുമായി ബന്ധപ്പെട്ട് വ്യാവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച മലപ്പുറം ജില്ലാ കലക്ട്രേറ്റില്‍ ചര്‍ച്ച നടക്കും.

അതേസമയം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാര പാക്കേജ് നല്‍കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധത്തെ പോലീസ് തടഞ്ഞതിനെതുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഭൂമിക്ക് വിപണിവില നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആധാരത്തില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ വില ഭൂമിക്കുണ്ടെന്നാണ് നാട്ടുകാരുടെ വാദം.

അതിനാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സര്‍വേക്കെത്തിയവരെ തടഞ്ഞത്.

സര്‍വേക്കെത്തിയവര്‍ക്കെതിരെയുള്ള പ്രതിഷേധപ്രകടനത്തെ പോലീസ് തടയുകയും തുടര്‍ന്ന് ജനങ്ങള്‍ ദേശീയ പാത ഉപരോധിക്കുകയുമായിരുന്നു. ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് കടകളടച്ച് ഹര്‍ത്താലാചരിക്കുകയാണ് നാട്ടുകാര്‍.

പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

അതിനിടെ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ദേശീയപാത നാലുവരിയാക്കുന്നത് 30 മീറ്റര്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടും 45 മീറ്റര്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഐ.എന്‍.എല്‍ രംഗത്തെത്തിയിരുന്നു.

ഭൂമിക്ക് വിപണിവില നല്‍കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇരകളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സര്‍വേ നിര്‍ത്തിവെക്കണമെന്നും ഐ.എന്‍.എല്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement