ചെന്നൈ: ആണവനിലയത്തിനെതിരായ സമരം ശക്തമാക്കിക്കൊണ്ട് കൂടംകുളത്ത് വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍. വരുംദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമായേക്കാവുന്ന റിയാക്ടറുകളിലേക്ക് ആണവ ഇന്ധനം നിറയ്ക്കുന്നതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

ആണവനിലയം അടച്ചുപൂട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി കൂടംകുളം ആണവനിലയത്തിലേക്ക് തദ്ദേശവാസികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഏകദേശം ഇരുപതിനായിരത്തോളം പേര്‍ അണിനിരന്ന മാര്‍ച്ച് തടയാന്‍ പോലീസ് ആണവനിലയത്തിലേക്കുള്ള പ്രധാന വഴികളും കവാടങ്ങളും അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് തീരപ്രദേശത്ത് കൂടി ഉള്ളിലേക്ക് കടന്ന് നിലയം തകര്‍ക്കുന്നതിനെക്കുറിച്ച് പ്രതിഷേധക്കാര്‍ ആലോചിക്കുന്നുണ്ട്.

Ads By Google

കൂടംകുളം നിലയത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ ഇപ്പുറത്തുള്ള ഇടിന്തകരൈ ഗ്രാമത്തിന്റെ തീരത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. ജനങ്ങളോട് പിന്തിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ജനങ്ങള്‍.

സമരവേദി ഇടിന്തകരൈയില്‍നിന്ന് ഇങ്ങോട്ട് മാറ്റാനുള്ളശ്രമത്തിലാണ് സമരക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ജനക്കൂട്ടത്തിന് നേര്‍ക്ക് ബലപ്രയോഗമൊന്നും അരുതെന്നാണ് മുഖ്യമന്ത്രി ജയലളിത പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നറിയുന്നു.

ആണവനിലയം അടച്ചുപൂട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഈ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാര്‍ പറഞ്ഞു. സമരം ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം കരുതരുതെന്നും ഉദയകുമാര്‍ പറഞ്ഞു. ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കാനുള്ള നീക്കം പിന്‍വലിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് പിന്മാറുകയുള്ളൂവെന്നും ഉദയകുമാര്‍ പറഞ്ഞു. തീര്‍ത്തും ജനാധിപത്യ രീതിയിലാണ് സമരം നടത്തുന്നതെന്നും സമരം അക്രമാസക്തമായാല്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനായിരിക്കുമെന്നും ഉദയകുമാര്‍ പറഞ്ഞു.

ആണവനിലയത്തിന് ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മാര്‍ച്ച് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് പോലീസ്. കൂടാതെ കൂടംകുളത്തും പരിസരപ്രദേശങ്ങളിലും കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ പോലും നിയമവിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്.

നിയമം ലംഘിക്കുന്നവരെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നാലായിരത്തോളം പോലീസുകാരെയാണ് ആണവനിലയത്തിന് ചുറ്റുമായി വിന്യസിച്ചിട്ടുള്ളത്.