സൊഹാര്‍: അറബ് രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ മനോഭാവം ഒമാനെയും പിടികൂടി. ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയ ഒമാന്‍ ജനത കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കത്തിച്ചു.സൊഹാന്‍ തുറമുഖത്തെ റോഡ് ജംങ്ഷനില്‍ സ്ഥതി ചെയ്യുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് കത്തിച്ചത്. മലയാളിയായ വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.

സൂപ്പര്‍മാര്‍ക്കറ്റിന്റെ പകുതി ഭാഗവും കത്തിനശിച്ചു. പിന്നീട് പാതി കത്തിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്ന തിരക്കിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍. രാജ്യം മുഴുവന്‍ പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് ലുലുവിന്റെ പരിസരത്തുണ്ടായിരുന്ന പോലീസ് സംഘം തിരിച്ചുപോയതിനുശേഷമാണിത്.

‘ഇനി എല്ലാവര്‍ക്കും ഫ്രീയാണ്’ എന്ന് ഒരാള്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിന് ചുറ്റും കൂടിനിന്നവര്‍ കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഭക്ഷ്യസാധനങ്ങള്‍, മെറ്റല്‍ ഷീറ്റുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് എടുത്തുകൊണ്ടുപോയത്. ഇക്കൂട്ടത്തിലൊരാള്‍ പാതികത്തിയ പെട്ടിയില്‍ നിന്നും മുട്ട, പാല്‍പ്പൊടി,ക്രീം ചീസ് എന്നിവ ചാക്കിലാക്കി കൊണ്ടുപോയി.

യു.എ.ഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകളുള്ള വന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് ലുലു. ശമ്പളം വര്‍ധനവ്, തൊഴില്‍, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് ഒമാനില്‍ പ്രക്ഷോഭം ആരംഭിച്ചത്.