കൈറോ: ഈജിപ്തിലെ ഇസ്രയേല്‍ എംബസി തകര്‍ക്കാന്‍ ശ്രമം നടന്നു. പ്രതിഷേധക്കാര്‍ എംബസിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ എംബസിക്ക് പുറത്ത് തടിച്ചു കൂടി ഇസ്രയേലിനെതിരെ മുദ്രാവാക്യം വിളിച്ച ശേഷം എംബസിക്കകത്തു കയറി ഫയലുകള്‍ ജനലിലൂടെ പുറത്തേക്കെറിഞ്ഞു. എംബസിക്കകത്ത് തീയിടുകയും ചെയ്തു.
സംഭവത്തിനു ശേഷം ഇസ്രയേല്‍ അംബാസിഡറും കുടുംബവും ഉദ്യാഗസ്ഥരുമെല്ലാം ഈജിപ്ത് വിട്ടതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ പറയുന്നു. പ്രതിഷേധക്കാരില്‍ നിന്നും എംബസി രക്ഷിക്കാന്‍ അമേരിക്കയുടെ സഹായം തേടിയിരുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി എഹൂദ് ബാറക് പറഞ്ഞു. ഈജിപ്ഷ്യന്‍ സര്‍ക്കാറിനോട് അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈജിപ്തിലെ നിലവിലെ അവസ്ഥ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്ന് പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എസ്സാം ഷറഫ് പറഞ്ഞു. അവധിയില്‍ പോയ പോലീസുകാരെയടക്കം തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസി പിടിച്ചടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തിലേക്ക് വെടിവെയ്ക്കുകയും ചെയ്തു. 450ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.