ഈസ്താംബൂള്‍: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഡയറക്ടര്‍ ഡൊമിനിക് സ്‌ട്രോസിന് നേര്‍ക്ക് വിദ്യാര്‍ഥിയുടെ ചെരിപ്പേറ്. ഈസ്താംബൂളില്‍
ബില്‍ഗി യൂണിവേഴ്‌സിറ്റിയില്‍ ഒരു സമ്മേളനത്തിനിടെയാണ് പത്രപ്രവര്‍ത്തന വിദ്യാര്‍ഥിയായ സെല്‍സുക് ഉസ്ബക്ക് ഐ.എം.എഫ് ഡയരക്ടര്‍ക്കെതിരെ ഷൂസ് എറിഞ്ഞത്. ഐ.എം.എഫ് നേതാവ് യൂനിവേഴ്‌സിറ്റിവിടുകയെന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ചെരിപ്പേറ്.

ഈ സമയം വേദിയില്‍ ഡയരക്ടര്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഒഴിഞ്ഞ് മാറിയതിനാല്‍ സ്‌ട്രോസിന്റെ ദേഹത്ത് ഷൂസ് കൊണ്ടില്ല. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷൂസ് എറിഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് ഹാളിന് പുറത്തേക്ക് കൊണ്ടുപോയി.

തൊട്ട് പിന്നാലെ ഒരു വനിതയും സ്‌ടോസിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു.’ഐ.എം.എഫ് പുറത്തുപോകുക’ എന്ന മുദ്രാവാക്യവുമായി കൈയ്യിലുണ്ടായിരുന്ന ബാനര്‍ ഉയര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു. ഇവരെയും അധികൃതര്‍ പിടിച്ചു പുറത്താക്കി. സംഭവത്തിനു ശേഷവും പ്രസംഗം തുടര്‍ന്ന സ്‌ട്രോസ് തുര്‍ക്കി വിദ്യാര്‍ഥികള്‍ മാന്യന്‍മാരാണെന്നും തങ്ങള്‍ ചെയ്യുന്നതിനോട് എല്ലാവരും യോജിച്ച കൊള്ളണമെന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് കോണ്‍ഫറന്‍സ് വെട്ടിച്ചുരുക്കി.

ഉസ്ബക്കിനെ പിന്നീട് പോലീസ് വിട്ടയച്ചു. ഇദ്ദേഹത്തിനെതിരെ ഔദ്യോഗിക പരാതികളൊന്നും ഫയല്‍ ചെയ്യപ്പെട്ടിട്ടില്ല. ഐ.എം.എഫ് എവിടെ പോയാലും അവര്‍ ഇങ്ങനെയാണ് സ്വീകരിക്കപ്പെടേണ്ടതെന്ന് ഉസ്ബക്ക് ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന എല്ലാ സാമ്രാജ്യത്വ വിരുദ്ധ പോരാളികളും ഇങ്ങനെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

ഉസ്ബക്ക് ബിര്‍ഗണില്‍ നിന്ന് ഇറങ്ങുന്ന ഇടതുപക്ഷ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോളജ് അധികൃതര്‍ വ്ക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സൈദി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ബുഷിനെതിരെ ചെരിപ്പെറിഞ്ഞത് വാര്‍ത്തയായിരുന്നു.