ട്രിപ്പോളി: പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലിബിയയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനെതിരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തമാക്കി. പ്രക്ഷോഭകാരികള്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു.

പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരേയും വിലാപയാത്രിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്കുനേരേയുമാണ് വെടിവെപ്പ് നടത്തിയത്. രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ നാലു ദിവസമായി നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തുന്ന ശ്രമങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ശനിയാഴ്ച നടന്ന വിലാപയാത്രയ്ക്കുനേരെ സൈന്യം തുടര്‍ച്ചായി നിറയൊഴിച്ചതായി നാട്ടുകാര്‍ പറഞ്ഞു. 900 പേര്‍ക്ക് പരിക്കുണ്ട്.

1969മുതല്‍ അധികാരത്തിലിരിക്കുന്ന ഗദ്ദാഫി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ലിബിയയില്‍ പ്രക്ഷോഭം തുടങ്ങിയത്. ഇവിടെയുള്ള 18,000 ത്തോളം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം ദല്‍ഹിയില്‍ അറിയിച്ചു. എങ്കിലും അവിടേക്കുള്ളയാത്ര കഴിവതും ഒഴിവാക്കണമെന്ന് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ സൈറ്റുകളും ഇന്റര്‍നെറ്റും സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ പല പ്രദേശങ്ങളിലും സമരക്കാരെ നേരിടാന്‍ സൈനികര്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് ഗദ്ദാഫിയുടെ മകന്‍
ഈ നില തുടരുകയാണെങ്കില്‍ ലിബിയയില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിയുടെ  മകന്റെ മുന്നറിയിപ്പ്. ട്രിപ്പോളിയില്‍ പ്രക്ഷോഭം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭകരെ വിമര്‍ശിക്കുന്നതിനോടൊപ്പം അദ്ദേഹം രാഷ്ട്രീയ പരിഷ്‌കാരം നടത്തുമെന്ന വാഗ്ദാനവും നല്‍കി.

പോലീസിനും സൈന്യത്തിനും തെറ്റുപറ്റിയെന്ന് അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ഒരുപാട് കുറവാണ് യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും ചിലവിദേശ ശക്തികളും ലിബിയയെ ചെറിയ ചെറിയ ചില രാജ്യങ്ങളുടെ കൂട്ടമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അവര്‍ ജയിക്കുകയാണെങ്കില്‍ വിദേശ നിക്ഷേപം അവസാനിക്കും. ജീവിതസാഹചര്യം വളരെ മോശമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചില വിദേശ മാധ്യമങ്ങള്‍ ലിബിയയിലെ അക്രമസംഭവങ്ങളെ പെരുപ്പിച്ചുകാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.