ടെഹ്‌റാന്‍: ഈജിപ്തിലെയും ടുണിഷ്യയിലെയും ജനകീയ പ്രക്ഷോഭങ്ങളോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇറാനിലും ഭരണ വിരുദ്ധ മുന്നേറ്റം. ടെഹ്‌റാനില്‍ തിങ്കളാഴ്ച നടക്കാനിരുന്ന റാലിക്ക് തൊട്ടുമുമ്പായി പ്രതിപക്ഷനേതാവ് മിര്‍ ഹുസൈന്‍ മൗസവിയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി.

എന്നാല്‍ ഈജിപ്തിലുണ്ടായതുപോലുള്ള പ്രക്ഷോഭം ഇറാനിലുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷനേതാവിനെ തടവിലാക്കിയത്. കൂടാതെ വെബ്‌സൈറ്റുകളുടേയും വാര്‍ത്താ ചാനലുകളുടേയും പ്രവര്‍ത്തനം സൈന്യം തടഞ്ഞിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ആദ്യപടി എന്ന നിലയില്‍ ഇന്നലെ ടെഹ്‌റാനില്‍ പ്രക്ഷോഭകാരികള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവരും സൈനികരുമായി ചെറുതായി ഏറ്റമുട്ടലും ഉണ്ടായി. ഇതേ തുടര്‍ന്ന് പത്തുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റെ മഹമൂദ് അഹമ്മദി നെജാദിനെതിരെ മത്സരിച്ച പ്രധാന സ്ഥാനാര്‍ത്ഥിയാണ് മൗസവി. തിരഞ്ഞെടുപ്പുകൃത്രിമത്തിലൂടെയാണ് അഹമ്മദി നെജാദ് ജയിച്ചതെന്നാരോപിച്ച് പ്രതിപക്ഷം അക്കാലത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അത്തരമൊരു സ്ഥിതി വിശേഷം ഈജിപ്ത് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കരുതെന്ന കണക്കുകൂട്ടലാണ് ഇസ്‌ലാമിക ഭരണകൂടത്തിന്റെ നീക്കം.

പ്രക്ഷോഭം യമനിലും ശക്തമാവുന്നു
സന: യെമനിലെ സനാ നഗരത്തില്‍ തിങ്കളാഴ്ച പ്രകടനം നടത്തിയ മൂവായിരത്തോളം പേരെ പോലീസ് തടഞ്ഞു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സേന ശ്രമിച്ചതോടെ സ്ഥിതി തെരുവുയുദ്ധത്തിലേയ്ക്കു നീങ്ങി. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായി സനായിലും തെക്കന്‍ പ്രവിശ്യയായ തെയ്‌സിലുമാണ് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് സമരക്കാരാണ് രംഗത്തുള്ളത്. അല്‍ തഹ്‌റിര്‍ ചത്വരത്തിലേയ്ക്കു ഇവര്‍ നടത്തിയ റാലി തടയുന്നതിനായി രണ്ടായിരത്തിലധികം സായുധ അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്.

മൂന്നു പതിറ്റാണ്ടിലധികമായി യെമനില്‍ ഭരണം നടത്തുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2013ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സലേ വ്യക്തമാക്കിയെങ്കിലും ഉടന്‍ രാജിയെന്ന ആവശ്യവുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടു നീങ്ങുകയാണ്.

അള്‍ജീരിയയിലും പ്രതിഷേധം

അള്‍ജേഴ്‌സ്: അള്‍ജീരിയയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രകടനം നടത്താന്‍ ‘മാറ്റത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദേശീയ ഏകോപനസമിതി’ തീരുമാനിച്ചു. സര്‍ക്കാര്‍ മാറുന്നതുവരെ എല്ലാ വാരാന്ത്യങ്ങളിലും പ്രകടനം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു. തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ ശനിയാഴ്ച രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിപക്ഷ പ്രകടനം സുരക്ഷാസേന തടഞ്ഞിരുന്നു.