സന:യെമനില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്ന പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. തലസ്ഥാന നഗരത്തിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ തമ്പടിക്കാന്‍ ശ്രമിച്ച പ്രക്ഷേഭകരും പോലീസുമാണ് ഏറ്റുമുട്ടിയത്.

പ്രസിഡന്റ് അലി അബ്ദുള്ള സാലി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യമനനില്‍ പ്രക്ഷോഭം തുടരുന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് സെന്‍ട്രല്‍ സ്‌ക്വയറില്‍  എത്തിയത്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് പ്രക്ഷോഭകാരികളില്‍ ഭൂരിഭാഗവും.

പോലീസ് നടപടിയില്‍ നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്തില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം വിജയം കണ്ടതിനെ തുടര്‍ന്നാണ് യെമനിലും പ്രതിഷേധം ശക്തമായത്. 1978 മുതല്‍ രാജ്യം ഭരിക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ ഭരണം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.