എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ പൊതുമാപ്പ് : തായ്‌ലന്‍ഡില്‍ വന്‍പ്രതിഷേധം
എഡിറ്റര്‍
Saturday 2nd November 2013 8:45am

thailand-protest

ബാങ്കോക്ക്: രാഷ്ട്രീയ പൊതുമാപ്പ് നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തായ്‌ലന്‍ഡില്‍ വന്‍പ്രതിഷേധം.

രാഷ്ട്രീയ പൊതുമാപ്പ്ബില്ലിന്റെ കരട്‌രൂപത്തിന് ജനപ്രതിനിധിസഭ അംഗീകാരം നല്‍കിയതോടെയാണ് പ്രതിഷേധം ശക്തമായത്.

19 മണിക്കൂറിലേറെ നീണ്ടു നിന്ന ചൂടേറിയ സംവാദത്തിനും സഭ സാക്ഷിയായി.

പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെ പതിനായിരങ്ങള്‍ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.

പട്ടാള അട്ടിമറിയിലൂടെ 2006 ല്‍ പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയെ അഴമതിക്കുറ്റങ്ങളില്‍ നിന്ന് വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കുന്നതിനാണ് രാഷ്ട്രീയ പൊതുമാപ്പ് നിയമം നടപ്പാക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

2002-2006 കാലഘട്ടത്തില്‍ പ്രധാനമന്ത്രി ആയിരുന്ന തക്‌സിന്‍ ഷിനവത്ര അഴിമതിക്കുറ്റങ്ങളില്‍ വിചാരണ ഭയന്ന് ദുബായില്‍ കഴിയുകയാണ്.

പൊതുമാപ്പ് നിയമം നിലവില്‍ വന്നാല്‍  ഷിനവത്ര വീണ്ടും അധികാരം കയ്യടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിലവില്‍ ഭരിക്കുന്ന പ്യു അ തായ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രി തക്‌സിന്റെ സഹോദരിയുമായ യിന്‍ഗ്ലക് ഷിനവത്രയാണ് ബില്‍ നടപ്പിലാക്കാന്‍ മുന്നില്‍.

Advertisement