മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളായ ഒമാനിലും ബഹ്‌റൈനിലും പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്നു. ഒമാനില്‍ പ്രക്ഷോഭകാരികള്‍ റോഡുകളും തുറമുഖങ്ങളും ഉപരോധിച്ചു. രാഷ്ട്രീയ പരിഷ്‌കാരങ്ങളും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസത്തിലെത്തുമ്പോള്‍ തലസ്ഥാനമായ മസ്‌കറ്റിലും പ്രതിഷേധ പ്രകടങ്ങള്‍ അരങ്ങേറി.

രാജഭരണത്തിനോടു ജനങ്ങള്‍ക്കുള്ള അതൃപ്തിയാണ് ഒമാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പ്രേരണയായത്. ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സോഹാറിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ജനാധിപത്യപ്രക്ഷോഭകര്‍ റോഡുകള്‍ തുറമുഖങ്ങളും ഉപരോധിച്ചു. എണ്ണശുദ്ധീകരണശാലയുള്‍പ്പെടെയുള്ള വ്യവസായ കേന്ദ്രത്തിലേക്കുള്ള പാതയാണ് പ്രക്ഷോഭകര്‍ ഉപരോധിച്ചത്. പ്രക്ഷോഭകര്‍ പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കത്തിച്ചു.

തൊഴിലില്ലാത്തവര്‍ക്ക് പുതിയ ആനുകൂല്യങ്ങളും ഉപദേശക സമിതിക്ക് കൂടുതല്‍ അധികാരങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ജോലിക്കും രാഷ്ട്രീയപരിഷ്‌കാരത്തിനുമായുള്ള പ്രക്ഷോഭം ശക്തമാകുകയാണ്. നഗരത്തിലെ പ്രധാന മൈതാനമായ കുറാ ആര്‍ഡിയ റൗണ്ടാബട്ടില്‍ ജനങ്ങള്‍ ഒത്തുകൂടിയിരിക്കുകയാണ്.

അതേസമയം, ബഹ്‌റൈനിലും പ്രക്ഷോഭം ശക്തമാകുകയാണ്. ആഴ്ചകളായി തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്തുണയുമായി രാജ്യത്തെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. മാനമയില്‍ സര്‍വകലാ ശാല വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക ടെലിവിഷന്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തടവിലാക്കിയവരെ മോചിപ്പിക്കുക, സമാധാനപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നിര്‍ദേശിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിചാരണചെയ്യുക. എന്നീ ആവശ്യങ്ങളുന്നയിച്ച് സമരക്കാര്‍ പാര്‍ലമെന്റ് വളഞ്ഞു.