കൊച്ചി: എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ നഴ്‌സുമാരെ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിടുകയായിരുന്നുവെന്നു മാര്‍ച്ചില്‍ പ്രസംഗിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.

ഇന്നലെയാണ് ലേക്‌ഷോറില്‍ സമരം ചെയ്തിരുന്ന മുഴുവന്‍ നഴ്‌സുമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരുടെ സമരം ആശുപത്രിയില്‍ ചികിത്സയിലിക്കുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്. പിറവം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നഴ്‌സുമാരെ അറസ്റ്റ് ചെയ്യേണ്ട എന്ന സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇതുവരെ അറസ്റ്റ് ഉണ്ടാകാതിരുന്നത്.

Malayalam news

Kerala news in English