തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം തിരുവനന്തപുരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും എ. ഐ. വൈ. എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോളജിന് മുമ്പിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇവര്‍ക്കുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിലവര്‍ധനയ്‌ക്കെതിരെ ജി. പി. ഒ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആദ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കോലവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ഇതേ സമയം ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐക്കാര്‍ പ്രകടനവുമായെത്തി. ഇവിടെ കുറച്ചുപോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതില്‍ സംസ്ഥാന നേതാക്കള്‍ക്കടക്കം പരിക്കേറ്റു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ കല്ലെറിയുകയും പൂച്ചട്ടികള്‍ എടുത്തെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു. അവിടെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.

പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. മോട്ടോര്‍ വാഹന തൊഴിലാളികളുടെ ജോയിന്റ് കൗണ്‍സില്‍ യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിരുവനന്തപ്പുരത്ത് നാളെ ഇടതു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹി ചേരാനിരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനയുണ്ട്.