ഹോങ്കോങ്: ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ 228 പേരെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നയങ്ങളിലും ഉയരുന്ന ഭൂമി വിലയിലും പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. 2,18,000 പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ലെജിസ്‌ലേറ്റിവ് കൗണ്‍സിലിലെ ഒരംഗം രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താതെ, മുന്‍ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനം കിട്ടിയ ആളെ തെരഞ്ഞെടുക്കാമെന്ന സര്‍ക്കാറിന്റെ തീരുമാനമാണ് പെട്ടെന്നുളള്ള പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രകടനം പൂര്‍ത്തിയായ ശേഷവും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിനെ ചൈനക്ക് കൈമാറിയതിന്റെ 14ാം വാര്‍ഷിക ദിനത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

Subscribe Us:

2003ലാണ് ഹോങ്കോങ്ങില്‍ ഇതിനുമുമ്പ് ജനാധിപത്യ അനുകൂലികളുടെ ശക്തമായ പ്രക്ഷോഭമുണ്ടായത്. അഞ്ചു ലക്ഷത്തോളം പേരാണ് അന്ന് സര്‍ക്കാറിനെതിരെ തെരുവിലിറങ്ങിയത്.