പനാജി: ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ഗോവയില്‍ പ്രക്ഷോഭം. ഇത് ഞങ്ങളുടെ മുഖ്യമന്ത്രിയല്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 100ലേറെപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന #NotMyCM എന്ന ഹാഷ്ടാഗിലൂടെയാണ് ഇവര്‍ ഒരുമിച്ചുകൂടിയത്. ‘എന്റെ വോട്ട് എനിക്കു തിരിച്ചുവേണം’, ‘കുതിരക്കച്ചവടം നടക്കില്ല’ എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

‘ലജ്ജാകരം’, ‘കള്ളന്‍, കള്ളന്‍’ എന്നിങ്ങനെ അവര്‍ ഉറക്കെ വിളിക്കുകയും ചെയ്തു.

ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമായതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധവുമായി രംഗത്തെത്തിയവരില്‍ ഭൂരിപക്ഷവും യുവാക്കളാണ്.


Also Read: കുണ്ടറ പീഡനം; പെണ്‍കുട്ടിയുടെ അമ്മയടക്കം ആറ് പേര്‍ കസ്റ്റഡിയില്‍ 


‘ എന്റെ കന്നി വോട്ടാണിത്. ആര്‍ക്കാണ് ഞാന്‍ വോട്ടു ചെയ്തത് എന്നത് അപ്രധാനമാണ്. പക്ഷെ എന്റെ വോട്ട് ബലമായി പിടിച്ചെടുത്തതു പോലെയാണ് എനിക്കു തോന്നുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എന്റെ രോഷം ഞാന്‍ പ്രകടിപ്പിക്കുന്നു.’ പ്രതിഷേധത്തില്‍ അണിനിരന്ന റിയ സെക്യൂറ എന്ന വോട്ടര്‍ പറയുന്നു.

‘ഭരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിന്റെ മുറപ്രകാരം നടക്കണം. എന്നാല്‍ ഇവിടെ ഗോവയെ വില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ ജനവിധി ഹൈജാക്ക് ചെയ്തിരിക്കുകയാണ്.’ പ്രക്ഷോഭത്തില്‍ അണിനിരന്ന അഞ്ജലി സെന്‍ ഗുപ്ത പറയുന്നു.


Must Read: യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി


‘സര്‍ക്കാര്‍ രൂപീകരിച്ചു കാണാന്‍ ഗവര്‍ണര്‍ ഇത്ര തിടുക്കം കാട്ടിയത് എന്തിനാണെന്ന് എനിക്കു മനസിലാവുന്നില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം. അവര്‍ ഇവിടുത്തെ നിയമം പാലിക്കണമായിരുന്നു. അവരെന്താ നിയമത്തിന് അതീതരാണോ?’ അവര്‍ ചോദിക്കുന്നു.

‘ബി.ജെ.പിക്ക് ജനവിധി തിരിച്ചടിയാണ്. ഇത് തെരഞ്ഞെടുപ്പ് നടപടികളെ ചതിക്കലാണ്.’ എറിക് പിന്റോ പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ച എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം അവര്‍ക്കൊപ്പം ചേര്‍ന്ന ഗോവ ഫോര്‍ഡേ പാര്‍ട്ടിയ്‌ക്കെതിരെയാണ് ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നത്.

‘ഇത് ലജ്ജാകരമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസം തന്നെയാണ് ഈ പ്രതിഷേധം. ഈ സര്‍ക്കാര്‍ നിയമവിരുദ്ധമാണ്. അവര്‍ പിന്‍വാതിലിലൂടെയാണ് അധികാരം കയ്യടിക്കിയത്.’ അഭിഭാഷകനായ ഐറസ് റോഡ്രിഗ്യുസ് പറയുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിയെയും പ്രക്ഷോഭകര്‍ വിമര്‍ശിച്ചു. ‘ഗവര്‍ണര്‍ ഭരണഘടനാ പരമായ സംവിധാനം എന്ന നിലയിലല്ല പ്രവര്‍ത്തിച്ചത്. മറിച്ച് ബി.ജെ.പി നേതാവെന്ന രീതിയിലാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിയെ വഞ്ചിച്ചിരിക്കുകയാണ്. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി ജനവിധിയെ വഞ്ചിച്ചിരിക്കുകയാണ്. വോട്ടര്‍മാരെ വഞ്ചിച്ചിരിക്കുകയാണ്. ബി.ജെ.പി ജനങ്ങളുടെ വോട്ട് ബലമായി പിടിച്ചുവാങ്ങിയിരിക്കുകയാണ്.’ ആര്‍ക്കിടെക്റ്റായ അമിത കനേകര്‍ പറയുന്നു.