കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കൊടിവീശിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഫാറൂഖ് കോളജില്‍ എം.എസ്.എഫിന്റെ രാപ്പകല്‍ സമരം. നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

ആഗസ്റ്റ് 10ന് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷ പ്രകടനത്തിന്റെ ഭാഗമായി കോളജിന്റെ രാജാ ഗേറ്റിനു മുകളില്‍ ചില വിദ്യാര്‍ഥികള്‍ കൊടിവീശിയിരുന്നു. പിറ്റേദിവസം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നു എന്നു പറഞ്ഞ് അഞ്ച് വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു.

നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു പുറമേ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ നേരിട്ട് അറിയിക്കുകയോ വിശദീകരണം തേടുകയോ പോലും ചെയ്യാതെയാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാര്യം ആഗസ്റ്റ് 11ാം തിയ്യതി നോട്ടീസ് ബോര്‍ഡില്‍ കണ്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ അറിയുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 11ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിയ്ക്കു മുമ്പില്‍ ഉപരോധം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായ ആദില്‍ ജഹാനെ സസ്‌പെന്റ് ചെയ്യുകയും ഉപരോധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ വീട്ടില്‍ വിളിച്ച് കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


Must Read:ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ച മുസ്‌ലിം പ്രിന്‍സിപ്പലിനെതിരെ എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം


ഇതേത്തുടര്‍ന്നാണ് രാപ്പകല്‍ സമരം നടത്താന്‍ എം.എസ്.എഫ് തീരുമാനിച്ചത്. എന്നാല്‍ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഒമ്പതു വിദ്യാര്‍ഥികളെ
പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.