കെയ്‌റോ: പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നത് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനാധിപത്യ പരിഷ്‌കാരങ്ങളും പുത്തന്‍ നിയമങ്ങളും നടപ്പില്‍ വരുത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു. എന്നാല്‍ ധൃതി പിടിച്ചെടുക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മുബാറക്ക് പുതുതായി നിയമിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ മുന്നറിയിപ്പ് നല്‍കി.

മുപ്പതുവര്‍ഷമായി നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് പകരമായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡണ്‍ ഈജിപ്ഷ്യന്‍ വൈസ് പ്രസിഡന്റിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും അടിച്ചമര്‍ത്തുന്ന ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടി എത്രുയം പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 25ന് പ്രക്ഷോഭം തുടര്‍ന്ന ശേഷം ആദ്യമായാണ് അമേരിക്ക പരസ്യമായി ഇക്കാര്യം ആവശ്യപ്പെടുന്നത്.

അതേസമയം, സോഷ്യല്‍ സൈറ്റുകളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവയെ പുകഴ്ത്തുന്ന ബാനറുകളുമായി ആയിരിക്കണക്കിനാളുകള്‍ ഇന്നലെ കെയ്‌റോയിലെ താഹിര്‍ സ്വകറില്‍ ഒത്തുചേര്‍ന്നു. പ്രക്ഷോഭത്തിന് ശക്തി പകരാനായി ഒപ്പം നിന്നതിന് ഇത്തരം സൈറ്റുകളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നെന്നും അവര്‍ ഒറ്റക്കെട്ടായി പറഞ്ഞു.