വടകര: എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും  സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മറ്റി മെമ്പറുമായ  കെ.എസ്. ബിമലിനെ സി.പി.ഐ.എം. പുറത്താക്കിയിതില്‍ പ്രതിഷേധിച്ച് എടച്ചേരിയില്‍ സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ ഇരുന്നൂറോളം പേര്‍പങ്കെടുത്തു.

Ads By Google

ഡി.വൈ.എഫ്.ഐ എടച്ചേരി മേഖലാ ജോ.സെക്രട്ടറിമാരായ യു.കെ ലിജേഷ്, നിമീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ കുറ്റവാളികളെ സംരക്ഷിക്കുകയും അത്തരം നടപടികളെ വിമര്‍ശിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്ന പാര്‍ട്ടി സമീപനത്തിനെതിരെയായിരുന്നു പ്രകടനമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Subscribe Us:

പാര്‍ട്ടിക്കെതിരെ പരസ്യ നിലപാടെടുക്കുകയും ടി.പി.ചന്ദ്രശേഖരന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തതിന് കെ.എസ്. ബിമലിനെ കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയത്. ടി.പി.യുടെ വധത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതില്‍ ബിമല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ബിമലിനെ പുറത്താക്കാനുള്ള തീരുമാനത്തെ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം പേരും എതിര്‍ത്തിരുന്നു.