കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടവരെ കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിച്ചതിനെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ബഹ്‌റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് പ്രതിഷേധം.

രാവിലെ 6.30നാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ദോഹയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 200ഓളം പേരുണ്ട് വിമാനത്തില്‍. കോഴിക്കോട്ട് ഇറങ്ങേണ്ട യാത്രക്കാരോട് അധികൃതര്‍ കൊച്ചിയിലിറങ്ങാന്‍ നിര്‍ദേശിച്ചതാണ് പ്രതിഷേധനത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ തയ്യാറായില്ല.

കൊച്ചിയില്‍ ഇറങ്ങേണ്ടിവരുമെന്ന് ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആദ്യം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബഹ് റൈനില്‍ നിന്നുള്ളവരെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. പൈലറ്റിന് കരിപ്പൂരില്‍ ഇറങ്ങാനുള്ള അനുവാദമില്ലെന്നാണ് അധികൃതര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണമെന്ന് യാത്രക്കാര്‍ പറഞ്ഞു.

ബഹ്‌റൈനില്‍ നിന്നും വൈകുന്നേരം 6 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രി 12 മണിക്കാണ് പുറപ്പെട്ടതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. കൂടാതെ തങ്ങളുടെ വരവ് പ്രതീക്ഷിച്ച് ബന്ധുക്കള്‍ രാവിലെ മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു.

യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങി എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് തയ്യാറാവണമെന്നും അതിനുശേഷം ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാമെന്നും എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരണം നല്‍കിയെങ്കിലും ഇത് അനുസരിക്കാന്‍ യാത്രക്കാര്‍ തയ്യാറായിട്ടില്ല.