മനാമ: മനാമയിലെ പേള്‍ സ്‌ക്വയറില്‍ ജനാധിപത്യവാദികള്‍ക്കെതിരെ സുരക്ഷാ സൈന്യം ശക്തമായ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. പേള്‍ സ്‌ക്വയറില്‍ തിങ്ങിക്കൂടിയിരിക്കുന്ന ജനങ്ങള്‍ക്കു മുകളിലൂടെ ഹെലികോപ്റ്ററില്‍ വട്ടമിട്ടു പറന്നാണ് സൈന്യത്തിന്റെ ആക്രമണം.

സ്ഥലത്തുനിന്നും സ്‌ഫോടനശബ്ദങ്ങള്‍ ഉയരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകരെ ഒഴിപ്പിക്കാനായി പോലീസും സൈന്യവും ചേര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പ്രക്ഷോഭകര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സമാനധാനപരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്ന ജനങ്ങള്‍ക്കുനേരെ സൈന്യം ഹെലികോപ്റ്ററിലെത്തി വെടിപെപ്പ് നടത്തുന്നതായി പ്രതിപക്ഷമായ വെഫാഖ് പാര്‍ട്ടി അംഗം അലി അലി അസ്വദ് പറയുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമാണ് പ്രക്ഷോഭകര്‍ക്കുനേരെ ശക്തമായ ആക്രമണങ്ങള്‍ തുടങ്ങിയത്. ബഹ്‌റൈന്‍ സൈന്യത്തെ സഹായിക്കാനായി സൗദിഉള്‍പ്പെടെയുള്ള ഗള്‍ഫ് കോര്‍പ്പറേഷന്‍ രാജ്യങ്ങളിലെ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.

500 ഓളം പ്രക്ഷോഭകരാണ് മനാമയിലെ പേള്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഫെബ്രവരി 14നാണ് ഇവിടെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.