എഡിറ്റര്‍
എഡിറ്റര്‍
ലേക്‌ഷോര്‍ ആശുപത്രി കവാടത്തില്‍ നഴ്‌സുമാര്‍ ഉപരോധം തുടരുന്നു
എഡിറ്റര്‍
Friday 16th March 2012 11:30am

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പില്ലാതെ തുടരുന്നു. ലേക്‌ഷോര്‍ ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്‍പില്‍ ഇന്നലെയാണ് നഴ്‌സുമാര്‍ പ്രതിരോധ സമരം ആരംഭിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ റോഡില്‍ പ്രകടനം നടത്തിയ നഴ്‌സുമാര്‍ വൈകിട്ടോടെയാണ് പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങിയത്.

നാളുകളായി നീളുന്ന സമരത്തിനോട് ആശുപത്രി അധികൃതര്‍ മുഖംതിരിച്ച് നില്‍ക്കുകയാണ്. തങ്ങളുടെ ഒരാവശ്യവും അംഗീകരിക്കാത്ത മാനേജ്‌മെന്റിന്റെ അവഗണയ്‌ക്കെതിരെയാണ് നഴ്‌സുമാര്‍ ഉപരോധം തുടങ്ങിയത്. എന്നാല്‍ സമരക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമം പലഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നാണ് അറിയുന്നത്.

ലേക്‌ഷോറിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.

തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നഴ്‌സുമാര്‍ ഉപരോധ സമരത്തിന് ഇറങ്ങിയത്. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ദല്‍ഹിയ്ക്ക് സമീപം നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി. ആശുപത്രിയിലെ 85 ശതമാനം നഴ്‌സുമാരും മലയാളികളാണ്. ശബള വര്‍ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് സമരം.

Malayalam news

Kerala news in English

Advertisement