എന്തുകൊണ്ട് ഞങ്ങള്‍ അടച്ചിടുന്നു?
Kerala
എന്തുകൊണ്ട് ഞങ്ങള്‍ അടച്ചിടുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2012, 8:21 pm


സ്വ
തന്ത്രമായി ആശയങ്ങള്‍ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന രണ്ട് നിയമങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണനക്കെടുത്തപ്പോള്‍ മുതല്‍ അതേസംബന്ധിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉയരാന്‍ തുടങ്ങിയതാണ്. അമേരിക്കന്‍ പ്രതിനിധി സഭയില്‍ പാസ്സാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (Online Piracy Act-Sopa), അമേരിക്കന്‍ സെനറ്റില്‍ പാസ്സാക്കാനിരിക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട് (Protect Intellectual Propetry Act-Pipa) എന്നിവയാണ് ആ ബില്ലുകള്‍. ഈ ബില്ലുകള്‍ക്കെതിരെ ഏതാനും മാസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളും ലോകത്താകമാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ വെബ്‌ലോകം കരിദിനം ആചരിക്കുകയാണ്.

ഓണ്‍ലൈന്‍ പൈറസി ആക്ടിനും പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ആക്ടിനും എതിരെ നാളെ ആഗോള വ്യാപകമായി വെബ് ലോകം പ്രതിഷേധ പ്രകടനം നടത്തുകയാണ്. നാളത്തെ നടക്കുന്ന ആഗോള പ്രതിഷേധത്തില്‍ ദിവസേനെ കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ഫ്രീ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ (Wikipedia) യും പങ്കെടുക്കുന്നുവെന്നതാണ് ഇതേസംബന്ധിച്ചുള്ള ഏറ്റവും സവിശേഷമായ വാര്‍ത്ത. പ്രതിഷേധ സൂചകമായി നാളെ ജനുവരി 18 ന് 24 മണിക്കൂര്‍ നേരത്തേക്ക് വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയാണ്.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, ഇ-ബേ തുടങ്ങിയ വമ്പന്‍ സൈറ്റുകള്‍ ഈ നിയമങ്ങള്‍ പാസാക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവരുടേതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായി പ്രസ്തുത നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് വിക്കിപീഡിയയുടെ നീക്കം. വിക്കിപീഡിയയോടൊപ്പം നിരവധി വെബ്‌സൈറ്റുകള്‍ നാളെ  പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നുണ്ട്. കേരളത്തില്‍ ഡൂള്‍ന്യൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര വെബ്‌സൈറ്റുകളും ഒരു ദിവസം പ്രവര്‍ത്തനം നിര്‍ത്തി വെച്ച് സമരത്തില്‍ പങ്കെടുക്കുകയാണ്.

നിയമങ്ങള്‍ പാസ്സായാല്‍ സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് സേവനം സാധ്യമല്ലാതാകുമെന്നും രാജ്യാന്തര വെബ്‌സൈറ്റുകള്‍ സെന്‍സര്‍ഷിപ്പിന് ഇടയാകുമെന്നുമാണ് പ്രധാന ആരോപണം. കൂടാതെ വെബ്‌സൈറ്റുകള്‍ “ബ്ലാക്ക് ലിസ്റ്റില്‍” ഉള്‍പെടുത്താനും സാധിക്കും.

എന്നാല്‍, അമേരിക്കന്‍ കോപ്പിറൈറ്റ് നിയമം ലംഘിക്കുന്ന രാജ്യാന്തര വെബ്‌സൈറ്റുകളെ തടയുക, ഹോളിവുഡ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയുക തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം. അതുകൊണ്ട്തന്നെ ഹോളിവുഡ് സിനിമാ സംഗീത സ്റ്റുഡിയോകള്‍ രണ്ടു നിയമങ്ങളെയും പിന്തുണക്കുന്നുണ്ട്.

ടുണീഷ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തിന്റെ പ്രകമ്പനമാണ് അമേരിക്കയെ തലവേദനയിലാഴ്ത്തിയിരിക്കുന്ന ഒക്യുപൈ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഇതിന്റെ ചുവടു പിടിച്ച് ലോകത്തെ മുക്കാല്‍ പങ്ക് രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു. എല്ലാത്തിലും പൊതുജനത്തിന്റെ ശബ്ദം ഉറക്കെ കേള്‍പ്പിക്കാന്‍ സഹായിച്ചത് ഇന്റര്‍നെറ്റും അതിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമായിരുന്നു. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും ഭരണകൂടം സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരെ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക്, യാഹൂ, ഗൂഗിള്‍ തുടങ്ങിയ 21 വെബ്‌സൈറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും ഇതിന്റെ ഭാഗാമായി വേണം കരുതാന്‍.

വിക്കിപീഡിയ നാളെ ‘ഓണ്‍ലൈന്‍ കരിദിനം’ ആചരിക്കുന്നു

Malayalam News
Kerala News in English