എഡിറ്റര്‍
എഡിറ്റര്‍
‘ഇത് ഉത്തര കൊറിയയേക്കാള്‍ മോശം, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തലാണ്’: സോഷ്യല്‍മീഡിയകള്‍ നിരോധിച്ചതിനെതിരെ കശ്മീരി ജനത
എഡിറ്റര്‍
Thursday 27th April 2017 11:42am

ശ്രീനഗര്‍: സോഷ്യല്‍ മീഡിയകള്‍ക്ക് കശ്മീരില്‍ ഒരുമാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കശ്മീരി ജനത. ‘ഇത് ഉത്തരകൊറിയയേക്കാള്‍ മോശം’ എന്നാണ് ശ്രീനഗര്‍ സ്വദേശിയായ അഞ്ജും അഹമ്മദ് നിരോധനം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചവരില്‍ കശ്മീരിലെ സാധാരണക്കാരും, വിദ്യാര്‍ഥികളും ബിസിനസ് സമൂഹവുമെല്ലാമുണ്ട്.

‘ഇത് ആശയവിനിമയത്തിന്റെ പ്രശ്‌നമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇത് നീതിയുക്തമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകുകയുമില്ല.’ ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മുജ്താബ റിസ്‌വി പറയുന്നു.


Must Read: ‘ഡി.വൈ.എഫ്.ഐ ബ്രോസ് ഇതാണ് ആ വീഡിയോയുടെ സത്യം’; പൈമ്പിളൈ ഒരുമൈ സമര പന്തലിലെ വീഡിയോക്ക് വിശദീകരണവുമായി ആം ആദ്മി 


നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് കശ്മീരില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്. 1990കളുടെ തുടക്കം മുതല്‍ കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചവേളയിലെല്ലാം ചെയ്യുന്നത് ഇതാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

‘തെരുവില്‍ കല്ലെറിയുന്നതിലും നല്ലതാണ് തങ്ങളുടെ ദേഷ്യം സോഷ്യല്‍ മീഡിയകള്‍ വഴി തീര്‍ക്കുന്നത്.’ ശ്രീനഗറിലെ എസ്.പി കോളജ് വിദ്യാര്‍ഥിയായ സുഹൈല്‍ അഹമ്മദ് ഖാന്‍ പറയുന്നു.

‘സര്‍ക്കാറിന് ഇന്റര്‍നെറ്റ് ഫോബിയയാണ്. കശ്മീരില്‍ എന്തെങ്കിലും നടക്കുമ്പോള്‍ അവര്‍ ഉടന്‍ ഇന്റര്‍നെറ്റ് നിരോധിക്കും. ഇത് ഇവിടുത്തെ പ്രശ്‌നം രൂക്ഷമാക്കുകയേ ഉള്ളൂ.’ അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം മുതലാണ് വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെ 22 സോഷ്യല്‍ മീഡിയകള്‍ക്ക് കശ്മീരില്‍ നിരോധനം ഏര്‍പ്പെടുത്തി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരുമാസത്തേക്കാണ് ഈ സോഷ്യല്‍ മീഡിയകള്‍ നിരോധിച്ചത്.

ശ്രീനഗറിലെ യുണിഫൈഡ് കമാന്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ സര്‍ക്കാര്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു.

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തി കശ്മീരി ജനത സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയകളും താഴ്‌വരയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ദേശദ്രോഹികള്‍ തീവ്രവികാരമുണര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ സോഷ്യല്‍ മീഡികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement