Categories

പത്തനംതിട്ടയിലെ സ്വകാര്യ എയര്‍പോര്‍ട്ടിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആറന്മുള: പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ സ്വകാര്യ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. എയര്‍പോര്‍ട്ട് വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിയാണ് പ്രതിഷേധവുമായി രംഗത്തുവരാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ വിവാദത്തിന് പിന്നില്‍ ചില സ്ഥാപിത താല്‍പര്യങ്ങളാണെന്നാണ് എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശദീകരണം.

ആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെ.ജി.എസ് ഗ്രൂപ്പ് 350 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ആറന്മുള, കിഡങ്ങണ്ണൂര്‍, മുല്ലപ്പുഴശേരി എന്നിവിടങ്ങളിലായി 500 ഏക്കര്‍ ഭൂമി വ്യവസായിക ഏരിയയാക്കി പ്രഖ്യാപിച്ചുകൊണ്ടു സംസ്ഥാന വ്യവസായ വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.

‘ ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെങ്കിലും സുതാര്യത വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അവര്‍ പറയുന്നത് ഞങ്ങള്‍ 350 ഏക്കര്‍ സ്ഥലം വാങ്ങിച്ചുവെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഇവിടുത്തെ 500 ഏക്കര്‍ സ്ഥലം വ്യവസായ ഏരിയയായി വിജ്ഞാപനമിറക്കിയെന്ന കാര്യവും ഗ്രാമാവാസികളെ അത്ഭുപ്പെടുത്തി. ജനങ്ങള്‍ അവരെ ഒഴിപ്പിക്കുന്നതിന് എതിരാണ്. അതുകൊണ്ടാണ് ഗ്രാമവാസികള്‍ ഇതിനെതിരെ ആയുധമെടുത്തത്.’ പ്രതിഷേധ പ്രകടനങ്ങളെ നയിക്കുന്ന സി.പി.ഐ.എം നേതാവ് എ. പത്മകുമാര്‍ പറഞ്ഞു.

എയര്‍പോര്‍ട്ടിന്റെ പേരില്‍ ഭൂമിയില്ലാതെയാണ് തങ്ങള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.ജി.എസ് ഗ്രൂപ്പിലെ ഗിഗി ജോര്‍ജ് പറഞ്ഞു.

‘ കെ.ജി.എസ് ആറന്മുള ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ പേരില്‍ 350 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് സത്യം. രജിസ്റ്റര്‍ ചെയ്ത ഭൂമി ഇതുവരെ ഞങ്ങളുടെ പേരിലാക്കിയിട്ടില്ല. ഭൂമികൈമാറ്റം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞമാസം ജില്ലാ കലക്ടര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കിയി്ടടുണ്ട്.’ ജോര്‍ജ് പറഞ്ഞു.

500 ഏക്കര്‍ സ്ഥലം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 350 ഏക്കറില്‍ മാത്രമേ എയര്‍പോര്‍ട്ട് ഉണ്ടാവൂവെന്നും കെ.ജി.എസ് വ്യക്തമാക്കുന്നു. ‘ ഇവിടെ ആരും കുടിയൊഴിപ്പിക്കപ്പെടുകയോ, നിര്‍ബന്ധിച്ച് ഭൂമിയേറ്റെടുക്കുകയോ, ആരെയും വീട്ടില്‍ നിന്നും പുറത്താക്കുകയോ ചെയ്യില്ലെന്ന് കെ.ജി.എസ് ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ആറന്മുളയില്‍ 700 ഏക്കറില്‍ ഒരു അന്തര്‍ദേശീയ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ പൊകുന്നുവെന്നാണ് കെ.ജി.എസിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നത്. എയര്‍പോര്‍ട്ട് വന്നാല്‍ 21% വിദേശ ടൂറിസ്റ്റുകളും, 14% സ്വദേശ ടൂറിസ്റ്റുകളുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ വികസനം വരുന്നതിനെയല്ല പ്രദേശ വാസികള്‍ എതിര്‍ക്കുന്നതെന്ന് പത്മകുമാര്‍ പറയുന്നു. എല്ലാ കാര്യത്തിലും സുതാര്യത വേണം. ഡിസംബര്‍ 23 ജില്ലാ കലക്ടര്‍ ഒരു മീറ്റിംഗ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആ മീറ്റിംഗിനുശേഷം ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in English

One Response to “പത്തനംതിട്ടയിലെ സ്വകാര്യ എയര്‍പോര്‍ട്ടിനെതിരെ നാട്ടുകാരുടെ പ്രതിഷേധം”

  1. KP ANIL

    എന്തിനും ഏതിനും പ്രതിഷേധം എന്നത് മലയാളിയുടെ പ്രത്യേകത ആണ് . അനുവാദം നല്‍കിയത് LDF ആണ് എന്ന് എതിരെ പറയുന്നതും അവര്‍ തന്നെ ആണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.