കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞദിവസം പൊലീസ് തകര്‍ത്ത സമരപ്പന്തലിന്റെ സ്ഥാനത്ത് ശനിയാഴ്ച രാവിലെ തന്നെ പുതിയ പന്തലുയര്‍ന്നു. ഐ.ഒ.സി പ്ലാന്റിനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

Subscribe Us:

അഞ്ഞൂറോളം ആളുകളാണ് ഇന്നു രാവിലെ മുതല്‍ സമരപ്പന്തലിലെത്തിയത്. പൊലീസ് ഇവരെ തടഞ്ഞത്  തര്‍ക്കത്തിന് വഴിവെച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിന്മാറി.

ഉച്ചയോടെ സമരസ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സമരവേദിയിലെത്തിയ അദ്ദേഹം സമരം ചെയ്ത കുട്ടികളുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഡി.സി.പി രതീഷ് ചന്ദ്രയ്ക്കാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറയുന്നു.

അതിനിടെ പൊലീസിനെ ആക്രമിച്ചു എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റു ചെയ്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. ഇവര്‍ ഇന്നു വൈകുന്നേരത്തോടെ വീണ്ടും സമരപ്പന്തലിലെത്തും. പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്കും ജാമ്യം ലഭിച്ച നാലുപേര്‍ക്കും ഇന്നുവൈകുന്നേരം സമരപ്പന്തലില്‍ സ്വീകരണം നല്‍കും.

പുതുവൈപ്പില്‍ ഐ.ഒ.സി എല്‍.പി.ജി പ്ലാന്റിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് ആക്രമിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും അടക്കം 321 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.


Must Read: ജനരോക്ഷം ഫലം കണ്ടു; പുതുവൈപ്പിലെ ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു; പൂര്‍ണ്ണവിജയം വരെ സമരമെന്ന് സമരസമിതി 


തുടര്‍ന്ന് ജാമ്യം നല്‍കിയശേഷം സ്റ്റേഷന്‍ വിട്ടുപോകാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ സ്റ്റേഷന്‍ വിട്ടുപോകില്ലെന്ന നിലപാടെടുത്തു. എന്‍.ജി.ടിയില്‍ നിലനില്‍ക്കുന്ന കേസില്‍ അന്തിമ വിധിയുണ്ടാകും വരെ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം, സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം, സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സ്‌റ്റേഷന്‍ വിട്ടുപോകൂവെന്നായിരുന്നു സമരക്കാരുടെ നിലപാട്.

ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ധാരണയായതോടെയാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്.

തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇവര്‍ വീണ്ടും പ്രക്ഷോഭം തുടരുകയാണുണ്ടായത്.