മലപ്പുറം: ഗെയ്ല്‍വിരുദ്ധ സമരത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജ്. സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ മാറാക്കര മരവട്ടത്താണ് പെലീസ് ലാത്തിചാര്‍ജ്ജും, കല്ലേറും നടന്നത്.

സംഘര്‍ഷത്തില്‍ നേതാക്കളടക്കം പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. കനത്ത പൊലീസ് സന്നാഹത്താടെ ഗെയ്ല്‍ പദ്ധതി പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

യൂത്ത് ലീഗ് സമര യാത്രക്കിടെ പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകരും മറ്റ് സമരക്കാരും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇവര്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ മാറാക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.മധുസൂദനനടക്കം പരിക്കേറ്റിട്ടുണ്ട്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു പ്രകോപനവുമില്ലാതെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നുവെന്നും നിരുത്തരവാദപരമായ നടപടികളാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്ന് കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആരോപിച്ചു.