വാഷിങ്ടണ്‍: ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ഇന്ത്യയിലെ അറബ് വസന്തമാണെന്ന് ഇന്ത്യന്‍ വംശജനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കരിയ്യ.

Ads By Google

ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ശരിയായ നേതൃത്വം ലഭിക്കുന്ന പക്ഷം ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റമുണ്ടാകും. ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ അക്രമസംസ്‌കാരം കരുത്താര്‍ജിക്കുന്നതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.

ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 600 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ശിക്ഷ ലഭിച്ചത് ഒരാള്‍ക്ക് മാത്രമാണ്. 2011 ല്‍ 24,000 ബലാത്സംഗക്കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഓരോ 22 മിനിറ്റിലും സ്ത്രീ ബലാത്സംഗത്തിനിരയാകുന്നുണ്ട്. സ്ത്രീകള്‍ ഇത്രയും അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സര്‍ക്കാറിന്റേയും പോലീസിന്റേയും നിഷ്‌ക്രിയത്വമാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റേയും കാരണമെന്നും സക്കരിയ്യ കുറ്റപ്പെടുത്തി. സി.എന്‍.എന്‍ ചാനലില്‍ അവതാരകനായി പ്രവര്‍ത്തിക്കുകയാണ് ഫരീദ് സക്കരിയ്യ. ന്യൂസ് വീക്ക്, ടൈം എന്നിവയുടെ കോളമിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. 2010 ല്‍ പത്മഭൂഷണ്‍ ലഭിച്ചു.