ന്യൂദല്‍ഹി: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്നാണ് ആരോപണം. സദ്ഭാവന ദൗത്യത്തിന്റെ ഭാഗമായി സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ മൂന്ന് ദിവസം ഉപവാസ അനുഷ്ടിച്ച മോഡി തന്റെ പഴയ നിലപാടുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായതായി പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സബര്‍മതി എക്‌സ്പ്രസിന്റെ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ന് വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. താന്‍ യോഗത്തില്‍ പങ്കെടുത്തതിന് സാക്ഷിയാണ് കോണ്‍സ്റ്റബില്‍ കെ.ഡി.പന്തെന്ന് സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്. പക്ഷേ, കെ.ഡി.പന്ത് ഇപ്പോള്‍ പറയുന്നത് തന്നെ ഭീഷണിപ്പെടുത്തി സത്യാവങ്മൂലത്തില്‍ ഒപ്പിടുവിപ്പിച്ച് കള്ളത്തെളിവ് സൃഷ്ടിക്കുകയാണ് ഭട്ട് ചെയ്തത് എന്നാണ്. ഇത് സംബന്ധിച്ച് കെ.ഡി.പന്ത് പരാതിയും നല്‍കി.

Subscribe Us:

കോണ്‍സ്റ്റബിള്‍ കെ.ഡി.പന്തിന്റെ പരാതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന്‍മേല്‍ തീര്‍പ്പുണ്ടാകും മുമ്പ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സത്യാവാങ്മൂലം നല്‍കിയ സമയത്തൊന്നും ഇക്കാര്യം പറയാതിരുന്ന പന്ത് ഇപ്പോള്‍ എന്തുകൊണ്ട് രംഗത്തു വന്നുവെന്നാണ് നിയമവിദഗ്ധരും പൗരാവകാശ പ്രവര്‍ത്തകരും ചോദിക്കുന്നത്. മോഡി ഭരണകൂടത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് പന്ത് പരാതി നല്‍കിയതെന്നും ആരോപണമുണ്ട്.

ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യയെ വധിച്ച കേസില്‍ താന്‍ ശേഖരിച്ച തെളിവുകള്‍ നശിപ്പിക്കാനും ഇതുള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്‍വലിക്കാനും നരേന്ദ്ര മോഡിയും അമിത് ഷായും സമ്മര്‍ദ്ദം ചെലുത്തിയെന്ന് കാണിച്ച് സഞ്ജീവ് ഭട്ട് കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യാവങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ദുര്‍ഗ പൂജയോടനുബന്ധിച്ച അവധിക്കായി സുപ്രിംകോടതി അടച്ച സമയത്താണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത്‌കൊണ്ട് തന്നെ സഞ്ജീവ് ഭട്ടിന് സുപ്രിംകോടതിയെ സമീപിക്കാന്‍ സാധിക്കില്ല. ഈ അവസരം മുതലെടുക്കുകയാണ് നരേന്ദ്ര മോഡി ചെയ്തത്.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ നരേന്ദ്ര മോഡിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് സംബന്ധിച്ച പരാതി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ഈ കേസിലെ സാക്ഷികളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു. ഭട്ടിന്റെ അറസ്റ്റ് മോഡി ഭരണകൂടത്തിന്റെ പ്രതികാര നടപടിയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥനെ ഉടന്‍ മോചിപ്പിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.