ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വമേധയാ സംഘടിച്ചെത്തുന്ന ജനക്കൂട്ടം പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.

അറസ്റ്റിന് ശേഷം ഹസാരെയുടെ ജന്മ ഗ്രാമത്തില്‍ പ്രതിഷേധവും ബന്ദും നടക്കുകയാണ്. മുംബൈയില്‍ പ്രതിഷേധം നടത്തിയ 50 പേരെ തടവിലാക്കിയിരിക്കുകയാണ്. ബാംഗ്ലൂരില്‍ ഫ്രീഡം പാര്‍ക്കില്‍ ‘അഴിമതിക്കെതിരെ’ ഇന്ത്യ എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ പേരില്‍ നിരവധി പേര്‍ തടിച്ചു കൂടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഹസാരെയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉച്ച ഭക്ഷണം ഉപേക്ഷിച്ചു. ചെന്നൈയില്‍ മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി കല്ല്യാണം അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങി. കൊല്‍ക്കത്തയില്‍ നിരവധി പേര്‍ സോള്‍ട്ട് ലേക്ക് പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.

അറസ്റ്റിന് ശേഷം സെന്‍ട്രല്‍ ഡല്‍ഹിയിലും ജെ. പി. പാര്‍ക്കിലും രാജ്ഘട്ടിലും ഡല്‍ഹി ഗേറ്റിലുമൊക്കെയായി തടിച്ചു കൂടിയ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് വൈകുന്നേരം നാലു മണിക്ക് പ്രഗാഡി മൈതാനത്ത് നിന്നും ജെ. പി. പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം നാലു മണിക്ക് ഇന്ത്യാ ഗേറ്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വലിയ റാലി സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.