ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസുകളിന്മേല്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് നിര്‍ദേശമുള്ളതായി സൂചന. തെഹല്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡി സര്‍ക്കാര്‍ പുറത്താക്കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയ അന്വേഷണ സംഘത്തിന്റെ നടപടി യുക്തിപരമല്ലെന്നും അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി തെഹല്‍ക്ക റിപ്പോര്‍ട്ട് പറയുന്നു.

2011 മെയ് മാസത്തിലാണ് അമിക്കസ് ക്യൂറി രമാചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കലാപത്തില്‍ മോഡിക്കെതിരെ തെളിവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറീ റിപ്പോര്‍ട്ട് പറയുന്നത്.

ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അനുവദിക്കണമെന്ന് 2002ലെ കലാപ സമയത്ത് വിളിച്ചു കൂട്ടിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നരേന്ദ്ര മോഡി  ആവശ്യപ്പെട്ടതായി സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം, ഗുജറാത്ത് സര്‍ക്കാരും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) 2002ലെ ഗുജറാത്ത് കലാപ കേസുകളിലെ തെളിവുകള്‍ നശിപ്പിച്ചതായി സഞ്ജീവ് ഭട്ട് നാനാവതി കമ്മീഷന് കത്തയച്ചു. പ്രധാന രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഗോദ്ര കലാപം അന്വേഷിക്കുന്ന ജസ്റ്റിസ് ജി.ടി നാനാവതി, ജസ്റ്റിസ് അക്ഷയ് മേത്ത കമ്മിഷന് അയച്ച കത്തില്‍ ഭട്ട് അഭ്യര്‍ത്ഥിക്കുന്നു.

Malayalam News

Kerala News In English