പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ വേണ്ടി 40 കോടി രൂപ ചെലവില്‍ പള്ളി നിര്‍മ്മിക്കാനുള്ള കാന്തപുരത്തിന്റെ പദ്ധതി വിവാദമായിരിക്കയാണ്. മുസ്‌ലിം സമുദായത്തിനുള്ളില്‍ അലയടിച്ചുയര്‍ന്ന വിവാദം പിണറായിയുടെ പ്രസ്താവനയോടെ പൊതു സാമൂഹിക വിഷയമായി മാറിയിരിക്കയാണ്. പിണറായിക്ക് മത വിഷയത്തില്‍ അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മറ്റൊരു വിവാദമായി. പൊതു സമൂഹത്തിന് മത വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന കാന്തപുരത്തന്റെ നിലപാട് കേരളത്തിന്റെ നവോത്ഥാന ചിന്തയില്‍ നിന്നുള്ള തിരിഞ്ഞു നടത്തമായാണ് വിലയിരുത്തപ്പെടുന്നത്.

Subscribe Us:

കാന്തപുരത്തിന്റെ മത-രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നിന്നവരും മുസ്‌ലിം ലീഗും വിവാദത്തോട് എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് അന്വേഷിക്കുകയാണ് ഡൂള്‍ന്യൂസ്.

ഹുസൈന്‍ രണ്ടത്താണി-പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

പലരും ചോദിക്കുന്നു എന്താ ഈ വിഷയത്തില്‍ നിങ്ങള്‍ അഭിപ്രായം പറയാത്തതെന്ന്. അതില്‍ നമ്മള്‍ അഭിപ്രായം പറഞ്ഞ് കൂടുതല്‍ ചളമാക്കേണ്ട കാര്യമില്ലല്ലോ. അവര്‍ രണ്ടു കൂട്ടരും പറയട്ടെ, പറഞ്ഞ് കുറച്ചു കഴിയുമ്പോള്‍ നിന്നുകൊള്ളും. അല്ലാതെ അതില്‍ കേറി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. മതകാര്യങ്ങള്‍ നമ്മള് കാന്തപുരം പറയുന്നത് കേള്‍ക്കാറുണ്ട്. മറ്റേതില്‍ നമ്മള് ഇടതു പക്ഷത്തിന്റെ ഒപ്പവുമാണ്. അവര് തമ്മില്‍ ഒരു പ്രശ്‌നം ഉണ്ടാകരുത് എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ ഇല്ലാതിരിക്കട്ടെ. രണ്ടു കൂട്ടരും ഒരുമിച്ചു തന്നെ പോകണം. മുന്‍കാലങ്ങള്‍ അങ്ങിനെ പോയിട്ടുണ്ട്. അതിനു വേണ്ടിയാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്. സമദൂരമുണ്ടായിരുന്നെങ്കിലും പലപ്പോഴും ഇടതുപക്ഷമായിട്ടാണ് അടുത്ത് നിന്നിരുന്നത്.

പൊതുസമൂഹത്തെ ഇത് എങ്ങിനെയാണ് ബാധിക്കാന്‍ പോകുന്നത്? ഇത് മതപരമായ ഒരു വിഭാഗത്തിന്, അതില്‍ വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. ഒരു വിഗ്രഹത്തിന്റെ മുന്നില്‍ പോകുന്നവര്‍ക്ക് പോകാം. മറ്റുള്ളവര്‍ ആക്രമിക്കരുത് എന്നല്ലേയുള്ളൂ. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗ്ഗീയതക്ക് കാരണമാകുന്നുവെന്നതെല്ലാം അവരുടെ പ്രസ്താവനകളാണ്. പിണറായി സഖാവ് ഒരഭിപ്രായം പറയുന്നു. കാന്തപുരം ഉസ്താദ് വേറൊരു അഭിപ്രായം പറയുന്നു. അതില് നമ്മള്‍ ഇടപെട്ടുകൊണ്ട് ആളാവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്- ഇടത് നിരീക്ഷികന്‍

എല്ലാ കാര്യത്തിലും എല്ലാവര്‍ക്കും ഇടപെടാം. ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സകല പ്രശ്‌നങ്ങളിലും സകലര്‍ക്കും ഇടപെടാന്‍ കഴിയുന്ന ഒരു തുറന്ന അന്തരീക്ഷമാണ് ജനാധിപത്യത്തിന്റെത്. നമ്മുടെ ജീവിതം തന്നെ ഒരര്‍ത്ഥത്തില്‍ സംവാദാത്മകമാണ്. മറ്റുള്ളവരുടെ നിലപാടുമായി സംവാദം അസാധ്യമാണ് എന്നു പറയുന്നത് നമ്മുടെ ജനാധിപത്യ മതനിരപേക്ഷ അസ്തിത്വത്തെ തന്നെ ആക്രമിക്കുന്നതിന് തുല്ല്യമാണ്. മാത്രമല്ല, ഒരു മതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആ മതത്തിലുള്ളവര്‍ക്കേ അവകാശമുള്ളൂ എന്ന് വരുന്നത് അധിനേകാളും വലിയ അസംബന്ധമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. വ്യത്യസ്ത അഭിപ്രായങ്ങള്‍ വെക്കുന്നതിനേക്കാള്‍ നല്ലത് അത് പ്രകടിപ്പിക്കപ്പെടുന്നതാണ്. ഇസ്ലാം മതത്തിലെ നവോത്ഥാന കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനവും സാമ്പ്രദായിക കഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. നവോത്ഥാന കാഴ്ചപ്പാടില്‍ ഉള്ളവര്‍ പലരും പ്രവാചകന്റെ മുടി എന്നതിനെ പവിത്രമായി കാണുന്നില്ല.

അപ്പാള്‍ ഈ അഭിപ്രായ പ്രകടനങ്ങളൊന്നും പാടില്ല എന്നും അഭിപ്രായം പറയുന്നവര്‍ മുഴുവന്‍ വര്‍ഗീയ വാദികളാണെന്ന് പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ വളരെ വളരെ പിറകോട്ട് പോകുകയാണ് ചെയ്യുന്നത്.

മുടി കത്തിച്ചിട്ട് കത്തിയാല്‍ പ്രശ്‌നം തീരും. പക്ഷേ, മുടി കത്തുന്നില്ലെങ്കില്‍ ഈ മുടിയെപ്പറ്റി അന്വേഷണം വീണ്ടും നടത്തേണ്ടി വരും. യഥാര്‍ത്ഥത്തില്‍ മുടിയാണോ, അല്ലെങ്കില്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മുടിയുടെ ആകൃതിയില്‍ ഉറപ്പുള്ള കമ്പിക്കഷ്ണമോ മറ്റോ ആണോ എന്നൊക്കെ ആലോചിക്കേണ്ടി വരും. മുടിയാണെങ്കില്‍ കത്തുമെന്ന് ഉറപ്പാണ്. ആരുടെ മുടിയാണെങ്കിലും കത്തും.

ഇ.ടി മുഹമ്മദ് ബഷീര്‍- മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി

തിരുകേശം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ലീഗ് കക്ഷി ചേരേണ്ട കാര്യമില്ല. അതിന്റെ സംഗതികളും കാര്യങ്ങളും സനദ്, മസ്അലകള്‍ തുടങ്ങിയവ പണ്ഡിതന്മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്. ഞങ്ങളതില്‍ കക്ഷി ചേരുന്നില്ല. തിരുകേശ വിവാദത്തിന്റെ മെറിറ്റും ഡിമെറിറ്റും ചര്‍ച്ച ചെയ്യാന്‍ ഞങ്ങളില്ല. ലീഗ് എന്നത് രാഷ്ട്രീയ പ്രസ്ഥാനമാണ്. ലീഗ് ഒറു ഫത്‌വ ഇറക്കുന്ന പാര്‍ട്ടിയല്ല. അതിനാല്‍ ഇതില്‍ മുസ്ലിംലീഗ് പ്രതികരിക്കുന്നില്ല.

അതേസമയം, മതസംഘടനകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി അവരില്‍ അനൈക്യമുണ്ടാക്കി രാഷ്ട്രീയമായ മുതലെടുപ്പ് നടത്താന്‍ സി.പി.ഐ.എം ശ്രമിക്കാറുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ പ്രശ്‌നം അവര്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്.


കെ.ടി ജലീല്‍- എം.എല്‍.എ

ഇത് അങ്ങിനെ ഒരു തര്‍ക്ക വിഷയം ആക്കേണ്ട കാര്യമില്ല. മതത്തില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ മതവും ഇടപെടേണ്ട കാര്യമില്ലല്ലോ. അങ്ങിനത്തെ ഒരു സാഹചര്യം ഇല്ലല്ലോ. അത് നമ്മുടെ സെക്കുലറിസത്തിന്റെ ഒരു കണ്‍സെപ്റ്റ് അല്ലേ? ആ കണ്‍സെപ്റ്റില്‍ ഊന്നിയിട്ടാണല്ലോ പിണറായിയും കാന്തപുരവും സംസാരിച്ചത്. തന്നെയുമല്ല, മതത്തിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല എന്ന് സി.പി.ഐ.എം പറഞ്ഞല്ലോ.

തിരുകേശം ആര്‍ക്കെങ്കിലും കിട്ടാത്തതിലുള്ള എതിര്‍പ്പ് പറയുകയല്ല ഇവിടുത്തെ മതസംഘടനകള്‍ ചെയ്യേണ്ടത്. ഇ.കെ സുന്നിക്കാര്‍ക്കെല്ലാം ശക്തമായ നിലപാടുണ്ടെങ്കില്‍ മുസ്ലിംലീഗ് നയം വ്യക്തമാക്കണം. ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ഇവിടുത്തെ മുസ്ലിം പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മുസ്ലിംലീഗ് നേതൃത്വം എന്താണ് ഇതില്‍ അഭിപ്രായം പറയാത്തത്? അവരെല്ലാം നയം വ്യക്തമാക്കട്ടെ. കേരളത്തിലെ നിരവധി പള്ളികളുടെ ഖാളിയായ ഹൈദരലി ശിഹാബ് തങ്ങള്‍ പറയട്ടെ. അവര്‍ക്ക് ഇതില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ല. അവരെല്ലാം അഭിപ്രായം പറഞ്ഞതിനു ശേഷമേ ഞാനെല്ലാം അഭിപ്രായം പറയേണ്ട കാര്യമുള്ളൂ. ലീഗ് അഭിപ്രായം പറഞ്ഞിട്ടേ കേരളത്തില്‍ ആരുടെ അഭിപ്രായത്തിനും പ്രസക്തിയുള്ളൂ. എന്നെക്കാള്‍ ഇസ്ലാമിനോട് പ്രതിബദ്ധതയും കൂറുമൊക്കെയുള്ള നേതാക്കന്മാര്‍ ഉണ്ടല്ലോ, അവര്‍ അഭിപ്രായം പറയട്ടെ.