kanthapuram-haidaraliകോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും തമ്മില്‍ വാക്‌പോര്.

വ്യാജമുടിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാനാണ് ചിലര്‍ ഇറങ്ങി തിരിച്ചതെന്നും കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാന്തപുരം വിഭാഗം ആരെയെങ്കിലും വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ ആ പണം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അരയിടത്തുപാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഹൈദരലി തങ്ങളുടെ പ്രസ്താവനക്കെതിരെ കാന്തപുരം രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് നബിയുടെ തിരുകേശം സൂക്ഷിക്കാനുള്ള പള്ളി നിര്‍മ്മിക്കുന്നതിന് വേണ്ടി അനധികൃതമായി പണം പിരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവരുടെ പണം തിരിച്ചുനല്‍കുമെന്നും സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു.
പള്ളി നിര്‍മ്മാണത്തിനായി കാന്തപുരം വിഭാഗം പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരലി തങ്ങളെ വസതിയില്‍ വെച്ച് കണ്ട്  സംഭാവന വാങ്ങിയിരുന്നു. സുന്നി ഇ.കെ വിഭാഗം പള്ളിനിര്‍മ്മാണത്തിനെതിരെ രംഗത്തുള്ള സാഹചര്യത്തില്‍ ഹൈദരലി തങ്ങള്‍ പള്ളി നിര്‍മ്മാണത്തിന് പണം നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു. പണം നല്‍കുന്ന ചിത്രം കാന്തപുരം വിഭാഗം ഫഌക്‌സ് ബോര്‍ഡുകളിലാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈദരലി തങ്ങള്‍ പണം നല്‍കി വഞ്ചിക്കപ്പെടരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ശഅ്‌റേ മുബാറകിനെച്ചൊല്ലി മുസ്‌ലിം സംഘടനകള്‍ക്കുള്ളില്‍ ഉയര്‍ന്ന വിവാദം ക്രമസമാധാനപ്രശ്‌നമായി വളരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്ത് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം പ്രവാചക കേശവും അത് സൂക്ഷിക്കാനുള്ള പള്ളിയുമാണ്. കാന്തപുരം വിഭാഗത്തിന്റെ പദ്ധതിക്കെതിരെ തേജസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ ഒ.അബ്ദുല്ലയാണ് ആദ്യമായി രംഗത്ത് വന്നത്.

ഇതെ തുടര്‍ന്ന് തന്നെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഒ.അബ്ദുല്ല ആരോപിച്ചിരുന്നു. തുടക്കത്തില്‍ നിശ്ശബ്ദരായിരുന്ന സുന്നി ഇ.കെ വിഭാഗം പ്രത്യക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടൂ കൂടിയാണ് വാദഗ്വാദം രൂക്ഷമായത്. നഗരങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ പ്രവാചക കേശവുമായി ബന്ധപ്പെട്ട വിശദീകരണ യോഗങ്ങള്‍ ഇരുപക്ഷവും നടത്തുന്നുണ്ട്. ഇത് പലയിടങ്ങളിലും ചില അനിഷ്ട സംഭവങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെടുന്ന ബോര്‍ഡുകളും മറ്റും പലയിടങ്ങളിലും നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് വരും ദിനങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രവാചകനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും ഗഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.