കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് മുസ്‌ലിംലീഗ് നേതാവ് എം.കെ മുനീറിന്റെ ഉടമസ്ഥതയിലുള്ള പബ്ലിഷിങ് കമ്പനിക്കെതിരെ കോടതിയില്‍ ഹരജി. കോഴിക്കോട്ടെ ഒലിവ് പബ്ലിക്കേഷന്‍സ് പിര്‌സിദ്ധീകരിച്ച ഇസ്‌ലാമും കോടതികളും എന്ന പുസ്തകത്തിനെതിരെയാണ് കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(നാല്) കോടതി മഹേഷിന് മുമ്പാകെ പരാതി നല്‍കിയത്. ഫാത്തിമ മെര്‍നീസി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ദ് വെയ്ല്‍ ആന്‍ഡ് ദി മെയില്‍ എലൈറ്റ് എന്ന പുസ്തകത്തിന്റെ പരിഭാഷയാണിത്.

എം.കെ മുനീര്‍ ചെയര്‍മാനായ കമ്പനിക്കെതിരെ ഹരജി നല്‍കിയത് മുസ്‌ലിം ലീഗ് പത്തനംതിട്ട മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഖാന്‍ ഷാജഹാനാണെന്നതാണ് ശ്രദ്ധേയം. പുസ്തകം വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയും പ്രസാധകര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

വിശ്വാസപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന സാമാന്യമര്യാദയും വിവേചനബോധവും പാലിക്കാതെയാണ് പുസ്തകരചനയെന്നും പരാതിയില്‍ പറയുന്നു. മതത്തെ അവഹേളിക്കല്‍, മതസ്പര്‍ദയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ഹരജി.

അതേസമയം പരിഭാഷയില്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുസ്തകം നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നും പ്രശസ്ത വിവര്‍ത്തകന്‍ എ.പി കുഞ്ഞാമുവെഴുതിയ പുതിയ പരിഭാഷ ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണെന്നും ഒലീവ് മാനേജ്‌മെന്റ് വ്യക്തമാക്കി. ഈ സമയത്ത് ഇങ്ങിനെയൊരു പരാതി കൊണ്ട് വന്നതില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു,വ്യക്തമാക്കി.

പ്രവാചകന്റെ മൃതദേഹത്തെക്കുറിച്ച് ശവം എന്നു വിശേഷിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് അഭിഭാഷകരായ ടോം തോമസ്, അബ്ദുല്‍ ഗഫൂര്‍ കണ്ണോത്ത് എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിന്റെ കോപ്പിയും അതിലെ വിവാദ പരാമര്‍ശങ്ങളുടെ പേജുകളെക്കുറിച്ചും വരികളെക്കുറിച്ചും വ്യക്തമായി വിവരിക്കുന്ന പ്രത്യേക കുറിപ്പും ഹരജിക്കൊപ്പം നല്‍കി.

എന്നാല്‍ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ത്ത പുറത്ത് വിട്ട ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ കൂടിയായ മുനീറിനെ അടിക്കാന്‍ ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെയുള്ള ചിലരുടെ നീക്കമാണ് ഹരജിക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവാചകനെ നിന്ദിക്കുവാന്‍ കൂട്ട് നിന്നുവെന്ന് പ്രചരിപ്പിച്ച് മതത്തിനുള്ളില്‍ മുനീറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയെന്നതും ഇതിന്റെ പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.