എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ കൂടംകുളം ഐക്യദാര്‍ഢ്യ സമ്മേളനം സെപ്റ്റംബര്‍ 21 ന്
എഡിറ്റര്‍
Monday 17th September 2012 3:01pm

റിയാദ്: റിയാദിലെ കൂടംകുളം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21 വെള്ളിയാഴ്ച അഞ്ച് മണിക്ക് ബത്ത പരാഗണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടംകുളം ഐക്യദാര്‍ഢ്യസമ്മേളനം നടക്കുന്നു.

യോഗം ഫോണ്‍ഇന്‍ ആയ മനുഷ്യാവകാശപരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. യോഗത്തില്‍ റിയാദിലെ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Ads By Google

മനുഷ്യനെയും പ്രകൃതിയെയും ഭൂമിയിലെ സര്‍വചരാചരങ്ങളെയും വരും തലമുറകളെയും ലോകാവസാനംവരേക്കും  വിഷലിപ്തമാക്കാനും നശിപ്പിക്കാനും പര്യാപ്തമായ ‘ആണവ ബോംബ്’ വഹിക്കുന്ന കൂടംകുളം ആണവ വൈദ്യുതനിലയം എന്ന ആധുനിക ഭസ്മാസുരനെ ഈ ഭൂമിയില്‍ തന്നെ ജനിപ്പിക്കാതിരിക്കുന്നതിനുള്ള ജീവന്‍ മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രദേശ വാസികളും മത്സ്യത്തൊഴിലാളികളും.

കേരള അതിര്‍ത്തിയില്‍ നിന്നും കേവലം 26 കിലോമീറ്റര്‍ മാത്രം അകലെ നമ്മുടെ അയല്‍ സംസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ജനകീയ പ്രക്ഷോഭത്തെ  മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍  നിര്‍ദയം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കാല്‍ നൂറ്റാണ്ടിന് മുന്‍പ് അന്നത്തെ ഭരണാധികാരികളെടുത്ത തെറ്റായ ഒരു തീരുമാനം, അതിന് ശേഷം ചെര്‍ണോബിലും ഫുക്കുഷിമയിലും  ലോകത്തെമ്പാടുമുള്ള ആണവ നിലയങ്ങളിലുണ്ടായിട്ടുള്ള അപകടങ്ങളും മനുഷ്യ ദുരന്തങ്ങളും പരിഗണിക്കാതെ, കേവലം ഏഴ്  ശതമാനം വൈദ്യുതിക്ക് വേണ്ടി, ജനനിബിഢമായ ഒരു പ്രദേശത്തെ ശ്മശാന ഭൂമിയാക്കാനുള്ള ഭരണകൂടധാര്‍ഷ്ട്യം എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കേണ്ടത് മനുഷ്യ നന്മയില്‍ വിശ്വാസമുള്ള എല്ലാവരുടെയും ധര്‍മമാണ്.

ഭരണകൂട ഭീകരതക്ക് മുന്നില്‍ മരണത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് പ്രക്ഷോഭസമരം നടത്തി ക്കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ധാര്‍മിക പിന്തുണ കൊടുക്കുന്നതിനായാണ് യോഗം സംഘടിപ്പിക്കുന്നത്. പ്രസ്തുത സമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും റിയാദിലെ കൂടംകുളം ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു.

Advertisement