ന്യൂദല്‍ഹി: സ്വാശ്രയ പ്രഫഷണല്‍ കോളജ് പ്രവേശനത്തിലെ അഴിമതി തടയുന്ന കര്‍ശനമായ വ്യവസ്ഥകളടങ്ങിയ ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രവേശനത്തിന് പണം വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴയും സ്ഥാപനമേധാവിക്ക് മൂന്നുകൊല്ലം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബില്‍ വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.

രാജ്യത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ബില്ലാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമങ്ങളൊന്നുമില്ല. സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങളും മറ്റു ചില സര്‍ക്കാര്‍ സംഘനടകളുടെ ചട്ടങ്ങളുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്തുടരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് കേന്ദ്രം ചിന്തിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടതാണ് പ്രഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലെ അഴിമതി.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത എട്ടു ശതമാനം വര്‍ദ്ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 27 ശതമാനമായിരുന്ന ക്ഷാമബത്ത 35 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ തയ്യാറാക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.