തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് മാനേജ്‌മെന്റ് വിദഗ്ധരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഗതാഗത വകുപ്പ് ഇന്നലെ പുറത്തിറക്കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരുടെ തസ്തികയിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുമെന്നാണ് ഇതില്‍ പറയുന്നത്. നേരിട്ടുള്ള നിയമനങ്ങള്‍ക്കായി പരസ്യം നല്‍കും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


Also Read: ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും വിവാഹം ചെയ്യാനും വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു


കണ്ടക്ടര്‍മാരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ പ്രമോഷനുകളിലൂടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തസ്തികയില്‍ എത്തുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതിനാണ് പുതിയ തീരുമാനത്തോടെ അവസാനമാകുക. അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍ ഡിവിഷന്‍, വിജിലന്‍സ്, ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക്‌സ് എന്നീ വിഭാഗങ്ങളിലാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ഉള്ളത്.

ഇനിമുതല്‍ മികച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എ ഉള്ളവരെ മാത്രമാണ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിക്കുക. ഇവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.


Don’t Miss: ‘ഞാന്‍ തലകുനിക്കില്ല’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിക്കുമുമ്പില്‍ എല്ലാവരും തലകുനിച്ചപ്പോള്‍ നിവര്‍ന്നുനിന്ന് ജെറമി കോര്‍ബിന്‍ 


ഫിനാന്‍സില്‍ എം.ബി.എ ഉള്ളവരെയാണ് ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ഈ തസ്തികയിലേക്ക് പരിഗണിക്കുക. അതേസമയം ടെക്‌നിക്കല്‍ ഡിവിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിക്കപ്പെടുന്നവര്‍ക്ക് എം.ബി.എയ്ക്കും 10 വര്‍ഷത്തെ പ്രവൃത്തി പരിചയത്തിനും ഒപ്പം മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദവും വേണം. ആഭ്യന്തര ഓഡിറ്റിനായി രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളേയും കമ്മിറ്റി നിയമിക്കും.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി (കണ്‍വീനര്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, കോഴിക്കോട് ഐ.ഐ.എമ്മില്‍ നിന്നുള്ള ഒരു മാനേജ്‌മെന്റ് വിദഗ്ധന്‍, തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.