ന്യൂദല്‍ഹി: വ്യാവസായികോത്പാദനം ചുരുങ്ങിയത് ഏറെ നിരാശാജനകമെന്ന് പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ പറഞ്ഞു.

ഈയിടെ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ സ്വാധീനം സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കണ്ടു തുടങ്ങുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads By Google

നമ്മുടെ സാമ്പത്തികരംഗം അതിന്റെ അടിത്തട്ടിലെത്തി നില്‍ക്കുകയാണ്. അവിടെ നിന്ന് തിരിച്ചുള്ള കുതിപ്പിലേക്ക് കടന്നോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നും അലുവാലിയ പറഞ്ഞു.

നിര്‍മാണ മേഖലയുടെയും കാപ്പിറ്റല്‍ ഗുഡ്‌സ്, നിത്യോപയോഗ സാധനരംഗം എന്നിവയുടെയും മോശം പ്രകടനമാണ് സെപ്റ്റംബറിലെ വ്യാവസായികോത്പാദന വളര്‍ച്ചാ സൂചിക (ഐ.ഐ.പി.) പൂജ്യത്തിനും താഴെയാകാന്‍ കാരണം.

ഇവിടേക്ക് നിക്ഷേപം കുറയുന്നു എന്നാണ് ഇതു കാണിക്കുന്നത്. പെട്ടെന്ന് ശരിയാക്കാവുന്നതല്ല ഇത്. ഒരു മേഖലയിലെ നിക്ഷേപപദ്ധതി കുറഞ്ഞുകഴിഞ്ഞാല്‍, പിന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വളരെ നാളെടുക്കും.

അടുത്ത മാസങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാണാനാകുമെന്ന് അലുവാലിയ ചൂണ്ടിക്കാട്ടി. കാപ്പിറ്റല്‍ ഗുഡ്‌സ് മേഖലയാണ് വളരെ പിന്നോട്ടടിച്ചിട്ടുള്ളത്.