എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി
എഡിറ്റര്‍
Tuesday 11th July 2017 11:50am

തിരുവനന്തപുരം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് നടപടി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ട് കമ്മിറ്റി ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കിയത്. മലയാള സിനിമയ്ക്കും സംഘടനയ്ക്കും ചീത്തപ്പേര് ഉണ്ടാക്കിയെന്ന കാരണത്തിലാണ് പുറത്താക്കല്‍.

അല്പം മുന്‍പാണ് യോഗം ചേര്‍ന്ന് തീരുമാനം നടപ്പിലാക്കിയത്. ആദ്യത്തെ അജണ്ടയായി തന്നെ ദിലീപിന്റെ വിഷയം അവതരിപ്പിക്കുകയായിരുന്നു. അതേസമയം ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ യോഗം ചേരുന്നുണ്ട്.


Dont Miss ദിലീപ് പറഞ്ഞത് വിശ്വസിച്ചു; പിന്തുണച്ചത് അതുകൊണ്ടെന്ന് ഗണേഷ് കുമാര്‍


14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.

കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്.

Advertisement