Categories

നടന്‍ പൃഥ്വിരാജിന് വീണ്ടും വിലക്ക്

എറണാകുളം: നടന്‍ പൃഥ്വിരാജിന്റെ സിനിമകളുമായി സഹരിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇത് ചൂണ്ടിക്കാട്ടി ഫെഫ്ക്കയ്ക്കും തിയ്യേറ്റര്‍ ഉടമകള്‍ക്കും അസോസിയേഷന്‍ കത്തയച്ചു.

Ads By Google

രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ കരാര്‍ ലംഘിച്ചതിനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെയ്ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

3 വര്‍ഷം മുന്‍പ് പൃഥ്വിരാജ് അഭിനയിച്ച് പാതിവഴിയില്‍ നിറുത്തിയ ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.കെ. മുരളീധരന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലും പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുരളീധരന്റെ ചിത്രം പൂര്‍ത്തിയാക്കാതെ മറ്റൊരു ചിത്രത്തിലും അഭിനയിക്കരുതെന്നായിരുന്നു അന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഡിസംബറില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന കമല്‍ ചിത്രത്തിന് ശേഷം മുരളീധരന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് കാണിച്ച് പൃഥ്വിരാജിന് കത്തും നല്‍കിയിരുന്നു.

മുരളീധരന്‍ നിര്‍മ്മാതാവായ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് രണ്ടു വര്‍ഷത്തിലേറെയായി. പതിനേഴു ദിവസത്തെ ഷെഡ്യൂളിനു ശേഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പോരെന്ന് സംവിധായകന്‍ ഷാജി കൈലാസ് അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിങ് നിറുത്തിവച്ചു. പിന്നീട് പൃഥ്വിരാജ് മണിരത്‌നത്തിന്റെ ‘രാവണ്‍’ എന്ന ചിത്രത്തിലും ഷാജി കൈലാസിന്റെ ‘സിംഹാസന’ത്തിലും അഭിനയിച്ചു.

സംവിധായകനും നടനും പല ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായെങ്കിലും തന്റെ പടത്തിന് ഡേറ്റ് നല്‍കിയില്ല എന്നാണ് മുരളീധരന്റെ പരാതി. ഷൂട്ടിങ്ങിന് ഇതുവരെ 75 ലക്ഷത്തിലേറെ രൂപ മുടക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മുരളീധരന്‍ പരാതി നല്‍കിയത്.

എന്നാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത് ഷാജി കൈലാസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണെന്നും ചിത്രത്തിന്റെ സാമ്പത്തിക നഷ്ടത്തില്‍ തനിയ്ക്ക് ഉത്തരവാദിത്തമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

മറ്റൊരു തിരക്കഥയില്‍ മുരളീധരന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മുംബൈപോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ തയ്യാറല്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും അറിയിച്ചിട്ടുണ്ട്.

Tagged with: