കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ശക്തമായി പിന്തുണച്ച് നിര്‍മാതാവ് സി.വി സാരഥി.

തനിക്കറിയാവുന്ന ദിലീപ് ഇത്തരത്തിലൊന്നും ചെയ്യില്ലെന്നും ദിലീപിന് ഇങ്ങനെയാന്നും ചെയ്യാന്‍ കഴിയില്ലെന്നും സി.വി സാരഥി പറയുന്നു. മറ്റൊരു തരത്തില്‍ തെളിയിക്കപ്പെടുന്നതുവരെ അങ്ങനെ വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറയുന്നു.

ഒടുവില്‍ അസത്യം വിളിച്ചുപറയാന്‍ ഒരാള്‍ തയ്യാറായിരിക്കുന്നെന്നും സിനിമ മേഖല എന്താണ് ഈ വിഷയത്തില്‍ വിശ്വസിച്ചിരിക്കുന്നതെന്ന് നിര്‍മാതാവ് സുരേഷ് കുമാറിന്റെ അഭിപ്രായപ്രകടനത്തിലൂടെ വെളിപ്പെട്ടിരിക്കുകയാണെന്നും സാരഥി പറയുന്നു.


Dont Miss കല്ലെറിഞ്ഞ് ഭയപ്പെടുത്താന്‍ നോക്കുന്നത് നിങ്ങള്‍ പറഞ്ഞയച്ച ഭീരുക്കള്‍: നരേന്ദ്രമോദിക്കെതിരെ വളകളയച്ച് പ്രതിഷേധിച്ച് ഗോവ കോണ്‍ഗ്രസ് വുമണ്‍സ് വിങ്


കേസിലെ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെയെല്ലാം അഭിപ്രായം. അതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കും ശിക്ഷ കിട്ടണം. എന്നാല്‍ ഈ കേസിലേക്ക് ദിലീപ് വന്നതോടെ പള്‍സര്‍ സുനിയെ ഒരു രക്തസാക്ഷിയെപ്പോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്നും നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി രക്ഷപെട്ടതുപോലെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി സ്വതന്ത്രനാവുമെന്നും സി.വി സാരഥി പറയുന്നു.

മറ്റൊരാള്‍ പറയുന്നത് അതേപടി അനുസരിക്കാന്‍ പള്‍സര്‍ സുനി ഒരു ചെറിയ കുട്ടിയോ യന്ത്രമനുഷ്യനോ ഒന്നുമല്ല. അയാള്‍ ഒരു ക്രിനില്‍ ആണെന്ന് മനസിലാക്കാന്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. പക്ഷേ സുനില്‍ പറയുന്നതാണ് ഇപ്പോള്‍ എല്ലാവരും വിശ്വസിക്കുന്നത്. നാളെ സുനില്‍ മറ്റൊരാളുടെ പേര് പറഞ്ഞാല്‍ അയാളും വേട്ടയാടപ്പെടുമെന്നും സാരഥി പറയുന്നു.

ദിലീപിനുവേണ്ടി പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ദിലീപിന് എതിരെയാണ് പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നതുപോലെ ദിലീപിനെതിരേ 19 തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പൊലീസ് കോടതിയില്‍ കേസ് ഡയറി മാത്രം ഹാജരാക്കിയത്? ഈ കേസില്‍ സത്യം പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷിക്കണമെന്നും സാരഥി പറയുന്നു.

സിനിമയില്‍ ജോലി ചെയ്യുന്ന ഓരോരുത്തരേയും രണ്ടാം തരക്കായി കാണുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു.