കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അന്വേഷണ സംഘം കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുയര്‍ന്നത്.

ഐ.ജി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഗെസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംഘം വിലയിരുത്തി. ഇനി മുന്നോട്ടുപോകണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുയരുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി വിന്‍സന്‍ എം.പോളും ജെയ്‌സണ്‍ എബ്രഹാമും ഡി.ജി.പിയെ ധരിപ്പിച്ചതായാണ് വിവരം.

കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീഭര്‍ത്താവ് കെ.എ.റഊഫ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാറാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. റഊഫിന്റെ വെളിപ്പെടുത്തലുകളും റജീനയുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട കേസുകളുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതില്‍ റജീനയുടെ മൊഴിമാറ്റക്കേസില്‍ പ്രധാനപ്പെട്ട പല തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.