ശാരീരികവും മാനസികവുമായി ഒരുപാട് മാറ്റങ്ങളുണ്ടാവുന്ന സമയമാണ് കൗമാരക്കാലം. ആരോഗ്യകരവും നിയന്ത്രിതവുമായ ഒരു ഭക്ഷണക്രമം പിന്‍തുടരേണ്ടതിന്റെ ആവശ്യകത ഈ പ്രായത്തില്‍ വളരെ കൂടുതലാണ്.

അനോരാഗ്യകരമായ ഭക്ഷണ രീതി ഈ പ്രായങ്ങളില്‍ പിന്‍തുടരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിക്കാതിരിക്കുകയും, ഫാസ്റ്റ് ഫുഡിലേക്ക് ആകര്‍ഷിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന സമയം ഇതാണ്. ഇത്തരം അശ്രദ്ധകള്‍ ത്വക്കിലെ പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്.

കൗമാരപ്രായക്കാരില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തുണ്ടാവുന്ന ചുവന്ന പരുക്കന്‍ പാടുകള്‍. ഹോര്‍മോണിന്റെ അളവിലുണ്ടാവുന്ന പ്രശ്‌നങ്ങളും പാരമ്പര്യവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഈ പാടുകള്‍ ഇല്ലാതാക്കാന്‍ കഴിയും.അതോടൊപ്പം കാപ്പി, പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ അധികം കഴിക്കുന്നത് ഒഴിവാക്കുക.

ചര്‍മത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതും വിള്ളലുണ്ടാക്കുന്നതുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കുക. ഇത് ചര്‍മത്തിന്റെ മുകളിലെ പാളി വരണ്ടുപോകാനിടയാക്കുന്നു.ചര്‍മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം മുഖം കഴുകണം. ഇടക്കിടക്ക് മുഖം കഴുകുന്നത് ചര്‍മത്തിന് നല്ല മയം കിട്ടാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മമാണുള്ളതെങ്കില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. പഞ്ചസാരയും ലവണങ്ങളുമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും ഇലവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
കണ്‍തടങ്ങളിലെ കറുപ്പാണ് കൗമാരക്കാരില്‍ കാണുന്ന മറ്റൊരു പ്രശ്‌നം. ഇത് ജനിതക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവാം. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെ കാരണം നിര്‍ജലീകരണവുമാവാം. ഇത് ഒഴിവാക്കാനായി ജ്യൂസ്, തേങ്ങാവെള്ളം, പഴങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കണം.

ഈ പ്രായത്തില്‍ തന്നെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഇത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിനാല്‍ വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.