ന്യൂദല്‍ഹി: മൂത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു രണ്ടു മലയാളി ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി തൈപ്പറമ്പില്‍ പാസ്റ്റര്‍ ടി.ജെ. ബേബിയുടെ മകന്‍ ടി.ബി. ജോമേഷ് (23), സീതത്തോട് സീതക്കുഴി സ്വദേശി സുരിയുടെ മകന്‍ കൃഷ്ണകുമാര്‍ (24)എന്നിവരാണു മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ഗാര്‍ഡ് വിശ്രം (23) ജീവനൊടുക്കുകയായിരുന്നു.

മലയാളി ജീവനക്കാരോടു സെക്യൂരിറ്റി ജീവനക്കാരനു നീരസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിനു മുമ്പും മലയാളി ജീവനക്കാരോടു സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയിരുന്നതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ദല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള മുത്തുറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ രാത്രി 7.55 ഓടെയാണ് സംഭവം നടന്നത്. ശമ്പളം കൂട്ടിനല്‍കാത്തതില്‍ രോഷം കൊണ്ട സെക്യൂരിറ്റി ജീവനക്കാരനായ വിക്രം സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ജോമേഷിന്റെ മൃതദേഹം ഇന്നു തന്നെ പോസ്്റ്റ്‌മോര്‍ട്ടം ചെയ്യും. കൃഷ്ണകുമാറിന്റൈ മൃതദേഹം ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയുള്ളു.

വെടിവയ്പില്‍ പരുക്കേറ്റ സമൂഴിക്കുളങ്ങര ഇട്ടന്‍കുന്നേല്‍ വീട്ടില്‍ അനുമോളുടെ നില ഗുരുതരമായി തുടരുകയാണ്. അനുമോളെ കൂടാതെ ദല്‍ഹി സ്വദേശി നിധിക്കും പരുക്കേറ്റിരുന്നു. നിധിയുടെ നില ആശങ്കാ ജനകമല്ല.